റാഞ്ചി: ജാര്‍ഖണ്ഡില്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് തിരിഞ്ഞ ദമ്പതികള്‍ മാതൃകയാകുന്നു. ബാങ്ക് മാനേജറായിരുന്ന വിനോദ് കുമാറും കോര്‍പ്പറേറ്റ് കമ്പനി ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ രാധികയുമാണ് ഈ മാതൃക ദമ്പതികള്‍.
ഇവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരായതിനെത്തുടര്‍ന്ന് നബാര്‍ഡും ഐഎഫ്എഫ്‌സിഒ കിസാനും പുതിയ ചില ചുമതലകള്‍ കൂടി ഈ ദമ്പതികളെ ഏല്‍പ്പിക്കാനൊരുങ്ങുകയാണ്. ഈ രണ്ട് സ്ഥാപനങ്ങളുടെയും നേതൃത്വത്തിലൊരുങ്ങുന്ന ഓട്ടോമേറ്റഡ് ജലസേചന പദ്ധതിയുടെ നിര്‍വ്വഹണ ചുമതലയാണ് ഈ ദമ്പതികളെ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇതോടെ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ തങ്ങളുടെ കൃഷിയിടത്തില്‍ ജലസേചന സൗകര്യം ഉറപ്പാക്കുന്ന ഏക ദമ്പതികളായി മാറുകയാണ് രാധികയും വിനോദ് കുമാറും.
തണ്ണിമത്തന്‍, വെള്ളരി, പാവയ്ക്ക തുടങ്ങിയവയാണ് ഇവരുടെ കൃഷിയിടങ്ങളില്‍ വിളയുന്ന പ്രധാന വിളകൾ. ടണ്‍ കണക്കിന് പച്ചക്കറികളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. രാജ്യത്തിന് പുറത്തേക്കും ഇവ കയറ്റി അയയ്ക്കുന്നു. ബംഗ്ലാദേശിലേക്കും മറ്റും പച്ചക്കറികള്‍ ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
കൊവിഡ് മഹാമാരി പിടിമുറുക്കിയ 2020 കാലത്ത് തങ്ങളുടെ തിരക്ക് പിടിച്ച ജോലിയില്‍ വ്യാപൃതരായിരുന്നു ഇവര്‍. അന്ന് പൂനെ ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതെല്ലാം വിട്ട് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലേക്ക് എത്തി കൃഷി ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തിയത് വളരെയധികം ആലോചിച്ച ശേഷമായിരുന്നു. പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ല അത്.
ഗ്രാമത്തിലെത്തി എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അവയില്‍ നിന്ന് കുറഞ്ഞ വരുമാനം മാത്രമെ ലഭിക്കുകയുള്ളു എന്ന് വിനോദിനും രാധികയ്ക്കും അറിയാമായിരുന്നു. എന്നാലും സ്വന്തം ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിയുമെന്നും സമാധാനമുള്ള ജീവിതമുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയോടെയാണ് ഈ ദമ്പതികള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. ഏകദേശം രണ്ടര വര്‍ഷത്തോളമായി ഇവര്‍ ഈ മേഖലയില്‍ തന്നെ തുടരുന്നു.
ഹസാരിബാഗ് ജില്ലയിലെ ഹര്‍ഷദ് ആണ് വിനോദിന്റെ ജന്മസ്ഥലം. അവിടുത്തെ തന്റെ കൃഷിയിടത്തില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് കൃഷി ചെയ്യുന്നതിനെപ്പറ്റി വിനോദ് ആലോചിച്ചിരുന്നു. കൃഷി ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാതിരുന്ന വിനോദ് 18 ഏക്കറോളം കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. റാബോധ് ജില്ലയിലെ ദാര്‍വ, കുസുമിഥ്, എന്നിവിടങ്ങളിലെ കൃഷിസ്ഥലമാണ് പാട്ടത്തിനെടുത്തത്. വരണ്ട പ്രദേശമായിരുന്നു ഇത്.
പിന്നീട് ചില കാര്‍ഷിക വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഈ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാന്‍ ഈ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ജലസേചനത്തിനായി ഡ്രിപ് മെത്തേഡ് ആണ് വിനോദ് സ്വീകരിച്ചത്. 2021 ല്‍ ഈ രീതിയിലൂടെ വിനോദും രാധികയും വിളയിച്ചെടുത്തത് 150 ടണ്‍ തണ്ണിമത്തനാണ്. 2022 ആയപ്പോഴെക്കും 210 ടണ്‍ തണ്ണിമത്തനാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ചത്. ഏകദേശം 10 ലക്ഷം രൂപയാണ് ഈ കൃഷിയില്‍ നിന്നുള്ള ലാഭം.
ഇതോടൊപ്പം ഓരോ സീസണ്‍ അനുസരിച്ച് പാവയ്ക്ക, വെള്ളരിക്ക, മുളക്, തക്കാളി എന്നിവയും കൃഷി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 150 ക്വിന്റല്‍ വെള്ളിരി, 100 ക്വിന്റല്‍ പാവയ്ക്ക, എന്നിവയാണ് തന്റെ കൃഷിയിടത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചതെന്ന് വിനോദ് പറയുന്നു. വിപണിയുമായി കര്‍ഷകരെ ബന്ധിപ്പിക്കാനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ് വിനോദ് ഇന്ന്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിൽ എത്തിക്കാനും ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.