കോവിഡ് പിടിപെട്ടവരിൽ പോസ്റ്റ് കോവിഡ് ലക്ഷണങ്ങൾ ഏറെ നാളത്തേക്ക് നീണ്ടുനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ്, ശ്വാസംമുട്ടൽ, കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകളും അവരിൽ കണ്ടുവരുന്നു. കോവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനത്തിൽ. പാൻക്രിയാസ് ഗ്രന്ഥിയും കോവിഡ് 19 ന് കാരണക്കാരായ കോറോണാ വൈറസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പഠനത്തിൽ കണ്ടെത്തി.
കോവിഡ് ബാധിച്ചവരിൽ പാൻക്രിയാസ് ഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദക കോശങ്ങളായ ബീറ്റാ സെല്ലുകളുടെ എണ്ണത്തിൽ കുറവുവന്നതായി ഗവേഷകർ കണ്ടെത്തി. ഇത് കൂടാതെ ചില രോഗികളുടെ ശരീരം ഇൻസുലിനോട് പ്രതിരോധം തീർക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞു. മുമ്പ് ഒരിക്കൽ പോലും പ്രമേഹരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാവരിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിച്ചതായി കണ്ടെത്തി. കോവിഡ് ബാധിച്ചവരിൽ ദീർഘനാളത്തേക്ക് ശരീരത്തിലെ രോഗപ്രതിരോധസംവിധാനം സജീവമായി നിലനിൽക്കുന്നുണ്ടെന്നും പേശികൾ, കൊഴുപ്പ് കോശങ്ങൾ, കരൾ എന്നിവയിൽ ഇൻസുലിൻ ഫലപ്രാപ്തി നശിപ്പിക്കപ്പെടുന്നതായും ഗവേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ മാറ്റം ദീർഘകാലത്തേക്ക് ഉണ്ടാകുമോ എന്നും നിലവിൽ പ്രമേഹരോഗികളായവരിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത ഉണ്ടോയെന്നും പഠനത്തിൽ വ്യക്തമാക്കുന്നില്ല. ജർമ്മൻ ഡയബറ്റീസ് സെന്റർ(ഡി.ഡി.സെഡ്), ജർമ്മൻ സെന്റർ ഫോർ ഡയബെറ്റീസ് റിസേർച്ച്, ഫ്രാങ്ക്ഫുർട്ടിലെ ഐ.ക്യു.വി.ഐ.എ. എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.