ലോകരാജ്യങ്ങളെല്ലാം തന്നെ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവുമായി രംഗത്തുണ്ടെങ്കിലും പുട്ടിന്റെ മനസ്സ് മാറ്റാൻ അതിനൊന്നും കഴിയുന്നില്ല. കഴിഞ്ഞയാഴ്ച യുദ്ധത്തിൽനിന്നു റഷ്യ പിന്മാറുകയാണെന്ന പ്രതീതി ഉണ്ടാക്കിയിട്ട് വീണ്ടും ശക്തിയോടെ യുകൻ വിമത കേന്ദ്രങ്ങളിലേക്ക് റഷ്യൻ സേന മുന്നേറ്റം നടത്തി. ആരൊക്കെ എന്തൊക്കെ എതിർപ്പുകൾ പ്രകടിപ്പിച്ചാലും പുട്ടിൻ വിശ്വാസമർപ്പിച്ചിരിക്കുന്നത് ക്രിസ്റ്റോ കറൻസികളിലാണ്.അതായത് രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾക്കൊന്നും റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുവാൻ പറ്റില്ലെന്നർത്ഥം.
• ക്രിപ്റ്റോ കറൻസികളുടെ ശക്തി
ക്രിപ്റ്റോകറൻസികളുടെ എല്ലാത്തരം കള്ളകളികളും നിയന്ത്രിക്കുന്നത് റഷ്യയിൽ നിന്നാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. യുദ്ധം പോലൊരു സാഹചര്യത്തിൽ പോലും പരമ്പരാഗത ബാങ്കുകളെയോ, സാമ്പത്തിക ഉറവിടങ്ങളെയോ ആശ്രയിക്കാതെ ക്രിപ്റ്റോകറൻസിയെന്ന സമാന്തര സമ്പദ്വ്യവസ്ഥയെയാണ് പുട്ടിൻ ആശ്രയിക്കുന്നത്. ആരാലും നിയന്ത്രിക്കപ്പെടാത്ത വ്യവസ്ഥയിലുള്ള ക്രിപ്റ്റോ കറൻസികളുടെ ശക്തിയാണ് റഷ്യ-യുകൻ സംഘർഷം വെളിപ്പെടുത്തുന്നത്.
• അനധികൃത ഫണ്ടുകൾ ഏറെ
ഡോളറിനെ അപേക്ഷിച്ച് റഷ്യൻ റൂബിളിന്റെ മൂല്യം 9 ശതമാനം ഇടിഞ്ഞെങ്കിലും റൂബിളിൽ തന്നെ ഇടപാടുകൾ നടത്തണമെന്ന് അവർക്ക് ഒരു നിർബന്ധവുമില്ല. റഷ്യയെ പിന്തുണക്കുന്ന ചൈനക്കും അവരുടേതായ ഡിജിറ്റൽ കറൻസി ഉണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വളരെ മുൻപ് തന്നെ ആസൂത്രണം ചെയ്തിട്ടാണ് റഷ്യ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നത്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യക്ക് പോലും ബദൽ മാർഗങ്ങൾ റഷ്യയിലുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൂടാതെ ഹൈഡ എന്ന ഡാർക്ക് വെബ് മാർക്കറ്റ് വഴി അനധികൃത ഫണ്ടുകൾ റഷ്യ ആവശ്യത്തിലധികം ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.