വായുമലിനീകരണം: ബിഎസ്-3 കാര്‍ ഓടിച്ച യുവാവിന് ഡൽഹി ട്രാഫിക് പൊലീസ് 20000 രൂപ പിഴ ചുമത്തി

ഡല്‍ഹിയില്‍ പൊതുനിരത്തിലൂടെ ബിഎസ്-3 കാര്‍ ഓടിച്ചതിന് യുവാവിന് 20000 രൂപ പിഴ ചുമത്തി ഡല്‍ഹി ട്രാഫിക് പൊലീസ്. ബിഎസ്-3 ടൊയോട്ട കൊറോള ആള്‍ട്ടിസ് ആണ് ഇയാള്‍ ഓടിച്ചിരുന്നത്. പിഴ കിട്ടിയ വിവരം യുവാവ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഒപ്പം ബിഎസ്-3 കാറുകള്‍ പൊതുനിരത്തില്‍ ഇറക്കരുതെന്ന് മുന്നറിയിപ്പും നല്‍കി.

പിഴ ചുമത്തിയ രസീതിന്റെ ചിത്രമടങ്ങുന്ന വീഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിഎസ് -3 കാറുകളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ടൊയോട്ട കൊറോള ആള്‍ട്ടിസ്. ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ ഇതുപോലെ വലിയ തുക പിഴയടയ്‌ക്കേണ്ടിവരുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.കുറച്ച് സമയത്തിനുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുകയും ചെയ്തു. വായുമലിനീകരണം കുറയ്ക്കാനായി എടുക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹം ആണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നാണ് വേറൊരാള്‍ കമന്റ് ചെയ്തത്.

Verified by MonsterInsights