കേരളത്തിലെ പ്രധാന തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് കേരളാ ടൂറിസം വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിദഗ്ധര്‍ സര്‍ക്കാരിന്റെ പുതിയ നയത്തെ സ്വാഗതം ചെയ്തു. വിനോദ സഞ്ചാര മേഖലയില്‍ ഒരു പുതിയ വിപണി തുറക്കാന്‍ ഈ നയം സഹായിക്കുമെന്നാണ് കരുതുന്നത്. കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമാണ് ജലപാതകളുടെ വികസനം. പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നാണ് സിജിഎച്ച് മുന്‍ സിഇഒ ജോസ് ഡൊമനിക് പറഞ്ഞത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മറ്റുള്ളവര്‍ക്ക് അത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ആയിരക്കണക്കിനാളുകളായിരിക്കും ക്രൂയിസ് ഷിപ്പില്‍ കയറുക. ഇവര്‍ യാത്രാനുഭവങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെയ്ക്കും. അത് സംസ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കും. ഇതോടെ കൂടുതല്‍ പേര് ഈ സംവിധാനം ഉപയോഗിക്കാനായി രംഗത്തെത്തും. സത്യത്തില്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് കന്യാകുമാരി ഒരു റൂട്ട് കൂടി നിര്‍മ്മിച്ചിരുന്നെങ്കില്‍ ലാഭം ഇരട്ടിയായെനേ,” അദ്ദേഹം പറഞ്ഞു.