*യുകെയിലെ ദന്തൽ മേഖലയിലെ സംഘമെത്തുന്നത് ഇതാദ്യം
യുകെയിലെ ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യു.കെ. കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജും സംഘവും യുകെയിൽ നടത്തിയ ചർച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ഹെൽത്ത് സർവീസിൽ നിന്നും മുതിർന്ന പ്രധിനിധികൾ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.
ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കാൻ തടസമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യർത്ഥിച്ചു. യുകെയിൽ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറൽ ദന്തൽ കൗൺസിൽ നടത്തുന്ന ഓവർസീസ് രജിസ്ട്രേഷൻ എക്സാം അഥവാ ഒ.ആർ.ഇ. വിജയിക്കേണ്ടതായിട്ടുണ്ട്. വർഷാവർഷം നൂറുകണക്കിന് ബിഡിഎസ്, എംഡിഎസ് ബിരുദധാരികൾ ഒ.ആർ.ഇ.യിൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഒ.ആർ.ഇ.യ്ക്ക് കൂടുതൽ സ്ലോട്ടുകൾ അനുവദിക്കുക, പരീക്ഷാ ഫീസ് മെഡിക്കൽ മേഖലയിലെ ലൈസൻസിംഗ് പരീക്ഷയായ പ്ലാബിന് സമാനമായി കുറയ്ക്കുക, പാർട്ട് ഒന്ന് പരീക്ഷാ കേന്ദ്രം കേരളത്തിൽ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. ഈ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യുകെ സർക്കാരിനോട് ചർച്ച ചെയ്ത് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് യുകെ സംഘം അറിയിച്ചു. യുകെയിൽ ധാരാളം ദന്തിസ്റ്റുകളെ ആവശ്യമാണ്. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ധാരാളം ദന്തിസ്റ്റുകൾക്ക് അവസരം ലഭിക്കുകയും ദന്ത ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്യും. ഫാർമസി, പ്രൈമറി കെയർ, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിലെ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
യു.കെ.യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വർക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാർത്ത്, വെയിൽസ് ആരോഗ്യ വകുപ്പ് മേധാവി ഇയാൻ ഓവൻ, നാവിഗോ ഡെപ്യൂട്ടി ചീഫ് മൈക്ക് റീവ്, നാവിഗോ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ജോജി കുര്യാക്കോസ്, ഇംഗ്ലണ്ടിലെ ഓഫീസ് ഓഫ് ചീഫ് ഡന്റൽ ഓഫീസറുടെ ക്ലിനിക്കൽ പോളിസി ലീഡ് ദിവ്യേഷ് പട്ടേൽ, വെസ്റ്റ് പരേഡ് ഡെന്റൽ കെയറിലെ പാർട്ട്ണർ കപിൽ സാങ്ഗ്വി, ലിംങ്കൻഷെയർ ഡെന്റൽ കമ്മിറ്റി ചെയർമാൻ കെന്നി ഹ്യൂം, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ പ്രതിനിധി ഡോ. നൈജൽ വെൽസ് (എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ) ഡോ. മാരി മില്ലർ, കരോലിൻ ഹെവാർഡ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജോ. ഡയറക്ടർ ഡോ. അനിതാ ബാലൻ, കേരള ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, ഡോ. മാത്യൂസ് നമ്പേലി എന്നിവരും പങ്കെടുത്തു.
യുകെ. സംഘം സംസ്ഥാനത്തെ വിവിധ ദന്തൽ കോളേജുകൾ, ദന്തൽ ക്ലിനിക്കുകൾ, ദന്തൽ ലാബുകൾ എന്നിവ സന്ദർശിക്കും.