ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന വിവരം ധവാന്‍ ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയെ അനേകം വിജയങ്ങളിലെത്തിച്ച ഇന്നിങ്‌സുകള്‍ക്കുടമയായ ധവാന്റെ അപ്രതീക്ഷിതപ്രഖ്യാപനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുമെന്ന് തീര്‍ച്ചയാണ്.
ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുകളുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയായ ധവാന് ‘മിസ്റ്റർ ഐസിസി’ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലും ഐസിസി ട്രോഫികളിലും വലിയ സംഭാവന നല്‍കിയിട്ടുള്ള ധവാനെ അക്ഷരാര്‍ത്ഥത്തില്‍ ബിഗ് മാച്ച് പ്ലേയറെന്ന് വിശേഷിപ്പിക്കാം.
ചെറിയ പരമ്പരകളില്‍ മാത്രം തിളങ്ങി വലിയ മത്സരങ്ങള്‍ വരുമ്പോള്‍ കളി മറക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ധവാന്‍. ഇന്ത്യയ്ക്ക് വേണ്ടി 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2018 ഏഷ്യാ കപ്പ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ധവാന്‍. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുംപ്രകടനം കാഴ്ച വെച്ച ധവാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ 2010ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ ഏകദിനം കളിച്ച ധവാന്‍ 2013ല്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. 2013 മാര്‍ച്ച് 14ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയിലായിരുന്നു ടെസ്റ്റ്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 85 പന്തില്‍ ധവാന്‍ സെഞ്ച്വറി തികച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും ധവാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില്‍ നിന്ന് 44.11 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയോടെ 1759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ 2315 റണ്‍സും നേടിയിട്ടുണ്ട്.
2015 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധവാന്‍. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരമായി ധവാന്‍ കളം നിറഞ്ഞു.