ദോശയും ഇഡലിയുമൊക്കെ കഴിക്കുന്നത് നല്ലത്; കാരണം അറിയാമോ?

 ദക്ഷിണേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ടതും ജനകീയമായതുമായ ബ്രേക്ക്ഫാസ്റ്റാണ് ദോശയും ഇഡലിയും ചട്‍ണിയും സാമ്പാറുമെല്ലാം. വണ്ണം കൂടുമെന്ന കാരണത്താല്‍ പലരും രാവിലെ ഇഡലിയും ദോശയുമെല്ലാം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പുളിപ്പിച്ച് തയ്യാറാക്കുന്നവ കൊണ്ട് ആരോഗ്യത്തിന് സവിശേഷമായൊരു ഗുണമുണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
 അയര്‍ലൻഡില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പുളിപ്പിച്ച് കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും മാനസികാരോഗ്യവും എന്നതാണ് ഇവരുടെ പഠനവിഷയം. പഠനം ഇപ്പോഴും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. പക്ഷേ അതിന് മുമ്പ് തന്നെ പുളിപ്പിച്ച ഭക്ഷപദാര്‍ത്ഥങ്ങള്‍ മാനസികാരോഗ്യത്തെ അഥവാ തലച്ചോറിനെ കാര്യമായ അളവില്‍ സ്വാധീനിക്കുന്നതായി ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്..

 ലോകമെമ്പാട് നിന്നുമായി പല വിഭവങ്ങളും ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ചില വിഭവങ്ങള്‍ക്ക് മാത്രമായിരിക്കും തങ്ങള്‍ ഉദ്ദേശിച്ചത് പോലുള്ള ഗുണമെന്ന് ഗവേഷകര്‍ ചിന്തിച്ചെങ്കിലും ഒട്ടുമിക്ക വിഭവങ്ങള്‍ക്കും ഈ ഗുണം കണ്ടെത്തിയെന്നതാണ് സന്തോഷകരമായ കാര്യം.
 സംഗതിയെന്തെന്നാല്‍ പുളിപ്പിച്ച വിഭവങ്ങള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ കൂട്ടാൻ സഹായിക്കുന്നതാണ്. ഇതോടെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നു. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ നേരിട്ടുതന്നെ സ്വാധീനിക്കുകയാണ്. ഉത്കണ്ഠ (ആംഗ്സൈറ്റി), എപ്പോഴും അസ്വസ്ഥത, വിരസത, വിഷാദം, മൂഡ് പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാൻ ഈ മാറ്റം സഹായിക്കുമെന്നാണ് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത്.

Verified by MonsterInsights