വിദേശ യാത്രകള്‍ നടത്തുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട യാത്രാ രേഖകളാണ് പാസ്‌പോര്‍ട്ടും വീസയും. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. ഏതു രാജ്യത്തേക്കാണോ പോവുന്നത് ആ രാജ്യം നല്‍കുന്ന യാത്രാ അനുമതിയാണ് വീസ. വീസയില്ലാതെ പല രാജ്യങ്ങളും സന്ദര്‍ശിക്കാമെങ്കിലും പാസ്‌പോര്‍ട്ടില്ലാതെ എളുപ്പമല്ല. എന്നാല്‍ അങ്ങനെ സാധിക്കുന്നവരുമുണ്ട്. എപ്പോള്‍ മുതലാണ് പാസ്‌പോര്‍ട്ട് അനുവദിച്ചു തുടങ്ങിയത്? മരിച്ചവർക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ടോ? ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം? അങ്ങനെയങ്ങനെ പാസ്‌പോര്‍ട്ടിനെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങള്‍ നോക്കാം.
മുഖത്ത് പച്ച കുത്തുകയോ മുഖത്ത് ശസ്ത്രക്രിയ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള കാരണമാണിത്. മുഖത്ത് പുതിയ പാടുകളോ പച്ചകുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് മാറ്റിയെടുക്കേണ്ടി വരും.
പാസ്‌പോര്‍ട്ടിനുള്ള ഫോട്ടോ യൂണിഫോം ധരിച്ചിട്ടുള്ളതു കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം ഏതെങ്കിലും തരത്തിലുള്ള യൂണിഫോമോ തൊപ്പിയോ സണ്‍ഗ്ലാസുകളോ ധരിച്ചുകൊണ്ടുള്ള ചിത്രം പാസ്‌പോര്‍ട്ടില്‍ അനുവദനീയമല്ല. അതുപോലെ മുഖം മറക്കുന്നതുപോലെ മുടിയുണ്ടെങ്കിലും ചിത്രം പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കാനാവില്ല. ഏതു രാജ്യമാണോ പാസ്പോർട്ട് അനുവദിക്കുന്നത്, ആ രാജ്യത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.
ലോക പാസ്‌പോര്‍ട്ട് വേണോ
അങ്ങനെയും ഒരു സംഗതിയുണ്ട്, ലോക പാസ്‌പോര്‍ട്ട്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായുള്ള എന്‍ജിഒ വേള്‍ഡ് സര്‍വീസ് അതോറിറ്റിയാണ് ഈ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. എന്നാല്‍ ഈ ലോക പാസ്‌പോര്‍ട്ടിനെ ചുരുക്കം രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂ. ബുര്‍ക്കിന ഫാസോ, ഇക്വഡോര്‍, മൗറിറ്റാനിയ, ടാന്‍സാനിയ, ടോഗോ, സാംബിയ എന്നീ രാജ്യങ്ങളിലേക്ക് ലോക പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പോകാനാവും.
പാസ്‌പോര്‍ട്ട് എന്നു മുതല്‍?
13ാം നൂറ്റാണ്ടു മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെന്റി അഞ്ചാമന്‍ രാജാവാണ് ഈ ആശയം ആദ്യം കൊണ്ടുവന്നത്. വിദേശത്തേക്കു പോവുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം”
“പാസ്‌പോര്‍ട്ടില്ലാത്തവര്‍”
പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് ആര്‍ക്കെങ്കിലും സഞ്ചരിക്കാനാവുമോ? മൂന്നു പേര്‍ക്ക് സാധിക്കും. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. തങ്ങളുടെ രാജാവ്/ രാജ്ഞിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ഇതു സംബന്ധിച്ച ജപ്പാന്റെ വിശദീകരണം. ബ്രിട്ടന്‍ അവരുടെ പൗരന്മാര്‍ക്ക് രാജാവിന്റെ പേരിലാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതുകൊണ്ട് രാജാവിന് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്ന് ബ്രിട്ടനും വാദിക്കുന്നു
ശക്തമായ പാസ്‌പോര്‍ട്ട്
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് നിലവില്‍ സിംഗപ്പൂരിന്റേതാണ്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സന്ദര്‍ശിക്കാനാവും. രണ്ടാം സ്ഥാനത്തുള്ളത് ജപ്പാന്‍ പാസ്‌പോര്‍ട്ടാണ്(193). മൂന്നാം സ്ഥാനത്തുള്ള ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ഫിന്‍ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോവാനാവും.
മരിച്ചയാള്‍ക്കും പാസ്‌പോര്‍ട്ട്?
ചത്ത കിളിക്കെന്തിനാ കൂട്? എന്നു ചോദിക്കാന്‍ വരട്ടെ. മരിച്ചയാള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ച ചരിത്രവുമുണ്ട്. ഈജിപ്തിലെ ഫറവോയായിരുന്ന റാംസെസ് രണ്ടാമനാണ് ഇങ്ങനെ ഒരു അപൂര്‍വ ഭാഗ്യം ലഭിച്ചത്. 1976ലാണ് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് റാംസെസ് രണ്ടാമന് അനുവദിച്ചത്. റാംസെസ് രണ്ടാമന്റെ മമ്മി പ്രത്യേക ഫംഗസ് ബാധയെതുടര്‍ന്ന് നശിക്കുന്നത് തടയാന്‍ ഫ്രാന്‍സിലെത്തിക്കേണ്ടി വന്നു. ഫ്രാന്‍സിലെ നിയമപ്രകാരം പാസ്‌പോര്‍ട്ടില്ലാത്തയാള്‍ക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. ഇതാണ് റാംസെസ് രണ്ടാമന് മരിച്ച് മൂവായിരം വര്‍ഷങ്ങള്‍ക്കു ശേഷം പാസ്‌പോര്‍ട്ട് ലഭിക്കാനുണ്ടായ കാരണം.