മനോഹരമായ കാടിനിടയിലായി വെള്ളച്ചാട്ടം തോട്ടങ്ങൾക്കു നടുവിൽ രൗദ്രഭാവമില്ലാതെ പ്രകൃതിയോട് ചേർന്നൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിലായി സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്ത്, കക്കാടംപൊയിലിൽ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം മനംമയക്കും. കടുത്ത വേനലിലും കണ്ണാടി പോലെ തെളിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന് ചുറ്റും കുളിരാണ്. മലബാറിന്റെ ഊട്ടിയെന്ന വിളിപ്പേരും കക്കാടംപൊയിലിനുണ്ട്.
വളരെ ഉയരത്തുനിന്ന്, കുത്തനെ താഴോട്ടൊഴുകുന്ന നദി, പലയിടങ്ങളിലും പരന്നൊഴുകുന്നുണ്ട്. ഇരുവശത്തും നിരപ്പായ പാറയും മരത്തണലും സഞ്ചാരികൾക്ക് ആഘോഷിക്കാനും കൂടിയിരുന്ന് സൊറപറയാനുമുള്ള ഇടമൊരുക്കുന്നു. സുരക്ഷയുറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പു കൈവരികൾ നിർമ്മിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ സംരക്ഷണയിലുള്ള വെള്ളച്ചാട്ടം കാണാനും നീന്തിത്തുടിക്കാനും ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.