ഈ വരവ് ചുമ്മാതാകില്ല; 5ജി ഉടനെന്ന് ബിഎസ്എൻഎൽ, ജിയോയ്ക്കും മറ്റും പണിയാകുമോ?

നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടാനുള്ള നടപടികൾക്ക് പുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തുകയാണ്. രാജ്യം 5ജി യുഗത്തിൽ എത്തിനിൽക്കേ പിന്നാലെയായിപ്പോയ ബിഎസ്എൻഎല്ലും 5ജിയുമായി മത്സരിക്കാനെത്തുകയാണ് എന്നതാണ് ആ സന്തോഷവാർത്ത.

നിലവിൽ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പോലും പൂർത്തിയായിട്ടില്ല എന്നിരിക്കെ എങ്ങനെ ഇത് സാധിക്കും എന്ന ചോദ്യവും ശക്തമാണ്. പക്ഷേ പ്രതീക്ഷിച്ചതിലും അധിക വേഗത്തിലാണ് 4ജി വിന്യാസം നടന്നുകൊണ്ടിരിക്കുന്നത്. അവ പൂർത്തിയാകുന്നതോടെ 5ജിയുടെ കാര്യങ്ങളിലേക്ക് ബിഎസ്എൻഎൽ കടക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. 5ജി ടെസ്റ്റിംഗ് നടക്കുന്ന വീഡിയോ പങ്കുവെച്ച് മികച്ച സ്പീഡുള്ള ഒരു ഇന്റർനെറ്റ് അനുഭവത്തിന് തയ്യാറെടുത്തുകൊള്ളൂ എന്ന അടിക്കുറിപ്പുമായുളള ട്വീറ്റ് നിരവധി പേരാണ് കണ്ടത്.

 

ബിഎസ്എൻഎല്ലിന്റെ വരവോടെ ടെലികോം മേഖലയിൽ മത്സരം കടുക്കുമെന്നാണ് നിഗമനം. നിലവിൽ ജിയോ അടക്കമുള്ള രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ അടക്കമുള്ള എല്ലാവരും 5ജി സേവനം നൽകുന്നവരാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്ലാനുകളുടെ നിരക്കുകൾ എല്ലാ ടെലികോം സേവനദാതാക്കളും വർധിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ അടക്കം കടുത്ത അമർഷത്തിലുമായിരുന്നു. നിലവിൽ ബിഎസ്എൻഎല്ലും 5ജിയിലേക്കെത്തുന്നതോടെ വില കുറഞ്ഞ ഇന്റർനെറ്റ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

 

നിലവിൽ എല്ലാ രീതികളും ഉപയോഗിച്ച് മാർക്കറ്റിലേക്ക് തിരിച്ചെത്താനുളള കഠിനശ്രമത്തിലാണ് ബിഎസ്എൻഎൽ. നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ നീക്കം നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

കുറഞ്ഞ ചെലവിലുള്ള മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകളുടെ വേഗത വർധിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതോടെ 350 രൂപയ്ക്ക് താഴെയുള്ള, 249, 299, 329 പ്ലാനുകളുടെ സ്പീഡ് വർധിക്കും. വിലവർധനയിലൂടെ മറ്റ് സർവീസ് പ്രൊവൈഡർമാരിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ തങ്ങളിലേക്കെത്തിക്കാനാണ് ബിഎസ്എൻഎല്‍ ശ്രമിക്കുന്നത്.

Verified by MonsterInsights