എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു, ചികിത്സ വൈകുന്നത് രോ​ഗം ​ഗുരുതരമാക്കും.

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ഒക്ടോബറിൽ ആദ്യ നാലുദിവസത്തിനിടെ 45 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ  രണ്ടുപേർ മരിച്ചു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2,512 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതൽ പേർ മരിച്ചതുംഎലിപ്പനി ബാധിച്ചാണ് -155 പേർ. 1,979 പേർ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സതേടി. എലിപ്പനി രോഗലക്ഷണങ്ങളോടെ 131 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബർ നാലുവരെയുള്ള കണക്കാണിത്. നിലവിൽ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പനി, ശരീരവേദന, കഠിനമായ തലവേദന, തളർച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസംരോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങുന്നവരും കൂടുതൽ 
ശ്രദ്ധിക്കണം.മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവർ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെനിർദേശപ്രകാരം കഴിക്കണം. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.


ലക്ഷണങ്ങൾ, സാധ്യതകൾ.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം എലി, പട്ടി, പൂച്ച, കന്നുകാലി തുടങ്ങിയവയുടെ മൂത്രംവഴി പകരാം. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത് വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു.


പ്രതിരോധ മാർഗങ്ങൾ.
മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ) ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക.







പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ 
മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം.ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം. രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് 
ഉറപ്പാക്കണം.




 

Verified by MonsterInsights