നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശകാഴ്ചകള്‍ നമുക്ക് എന്നും വിസ്മയമാണ്. അത്തരം ആകാശ കാഴ്ചയിൽ വാൽനക്ഷത്രങ്ങളുടെ നയനമനോഹരമായ കാഴ്ചകൾ എന്നും കൗതുകകരമാണ്. അത്തരമൊരു കാഴ്ച വരും ദിവസങ്ങളില്‍ നമ്മളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു വാല്‍നക്ഷത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബഹിരാകാശത്തിന്റെ വിശാലതയില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നതിന് മുന്‍പ് ആ വാല്‍നക്ഷത്രത്തെ നമുക്ക് കാണാനാവും. അതിൻ്റെ പേരിലുമുണ്ട് ഒരു കൗതുകം സുചിന്‍ഷാന്‍ അറ്റ്‌ലസ് എന്ന ധൂമകേതുവിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 2023 ജനുവരി 9നാണ് പര്‍പ്പിള്‍ മൗണ്ടന്‍ ഒബ്‌സര്‍വേറ്റി എന്ന സുചിന്‍ഷാന്‍ അറ്റ്‌ലസ് ധൂമകേതുവിനെ കണ്ടെത്തിയത്. ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ വാല്‍നക്ഷത്രം കണ്ടെത്തുന്നത്.
സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതുവിന്റെ പ്രത്യേകത
സൗരയൂഥത്തിന്റെ പുറം ഭാഗത്ത് തണുത്തുറഞ്ഞ അവശിഷ്ടങ്ങള്‍ നിറഞ്ഞ ഊര്‍ട്ട് ക്ലൗഡില്‍ നിന്നാണ് സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതു വരുന്നത്. 80,000 വര്‍ഷത്തിലൊരിക്കലാണ് ഈ വാല്‍നക്ഷത്രം സൂര്യനെ ചുറ്റുക. എന്നാൽ ഈ വാല്‍നക്ഷത്രം ഇനിയൊരിക്കലും തിരികെ വരാനിടയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വീണ്ടും സൂര്യന് ചുറ്റും വലംവയ്ക്കുമ്പോള്‍ മറ്റ് വസ്തുക്കളുടെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം മൂലം ഈ വാല്‍നക്ഷത്രം സൗരയൂഥത്തില്‍നിന്ന് പുറത്തുപോകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
സുചിന്‍ഷാന്‍-അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ എപ്പോള്‍ കാണാം
ഈ വാല്‍നക്ഷത്രം ഒക്ടോബര്‍ 9 ന് വൈകുന്നേരം ഏറ്റവും പ്രകാശത്തോടെ തെളിഞ്ഞുനില്‍ക്കും.ഫോര്‍വേഡ് സ്‌കാറ്റിംഗ് എന്നാണ് ഈ തെളിഞ്ഞുനില്‍ക്കുന്ന പ്രതിഭാസത്തെ പറയുന്നത്. ഒക്ടോബര്‍ 12 ന് സുചിന്‍ഷാന്‍-അറ്റ്‌ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഏകദേഷം 44 ദശലക്ഷം മൈല്‍ അകലെയായി. ഒക്ടോബര്‍ 9ന് പ്രത്യക്ഷപ്പെട്ട ഈ ധൂമകേതുവിനെ ഈ മാസം അവസാനം വരെ കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്താണ് ധൂമകേതു അഥവാ വാല്‍നക്ഷത്രം
പൊടിയും ഹിമകണങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വസ്തുക്കളാണ് ധൂമകേതു. അവയ്ക്ക് ഒഴുക്കിനനുസരിച്ച് നീങ്ങുന്നതുപോലുള്ള നീളമുള്ള വാലുകളുണ്ട്. ഇവ സൂര്യനെ വലംവയ്ക്കുന്നു. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ഠങ്ങളാണ് ധൂമകേതുക്കള്‍. മിക്കവാറും എല്ലാ വാല്‍നക്ഷത്രങ്ങളേയും ടെലസ്‌കോപ്പിന്റെ സഹായമില്ലാതെ കാണാന്‍ കഴിയില്ല. വളരെ ചുരുക്കം വാല്‍നക്ഷത്രങ്ങളെ മാത്രമെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയൂ.