എന്താണ് കരൾരോഗം? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നല്ല രീതിയിൽ ആരോഗ്യകരമായി മുന്നോട്ടുപോകുന്നതിന് കരളിന്‍റെ ആരോഗ്യം ഏറെ പ്രധാനമാണ്. കരളിനുണ്ടാകുന്ന അനാരോഗ്യം ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം.

നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുക, അണുബാധകളെ പ്രതിരോധിക്കുക, ആവശ്യമുള്ള സമയത്ത് രക്തം കട്ട പിടിപ്പിക്കുക, ദഹനം എളുപ്പമാക്കുക തുടങ്ങി പരമപ്രധാനമായ ചുമതലകളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ പല കാരണങ്ങൾകൊണ്ട് കരളിന്‍റെ പ്രവർത്തനം തകരാറിലാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കരൾ വീക്കം അഥവാ ലിവർ സിറോസിസാണ് ഗുരുതരമായ കരൾ രോഗം. ഇത് ഗുരുതരമായാൽ കരളിൽ ക്യാൻസറിന് കാരണമായേക്കാം.

കരളിന്‍റെ പ്രവർത്തനം പരാജയപ്പെടുന്നതോടെ സാധാരണ ഉപാപചയ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഇത് മഞ്ഞപ്പിത്തം, വയറുവേദന, കാലുകളിൽ നീർവീക്കം, മൂത്രത്തിന്റെ കറുപ്പ് നിറം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.

കാരണങ്ങൾ

ഗുരുതരമായ മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ഹെപ്പറ്റൈറ്റിസ് എ, ബി അല്ലെങ്കിൽ സി (പ്രത്യേകിച്ച് കുട്ടികളിൽ), ശരീരത്തിലെത്തുന്ന വിഷപദാർഥങ്ങൾ, അമിതമായ അളവിൽ ഗുളിക കഴിക്കുന്നത്, മാരക മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത്, ദീർഘകാലമായുള്ള അമിത മദ്യപാനം, സിറോസിസ്, ഫാറ്റി ലിവർ, പോഷകാഹാരക്കുറവ് പാരമ്പര്യരോഗമായ ഹീമോക്രോമാറ്റോസിസ് എന്നിവയൊക്കെ കരളിന്‍റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകും.

ലക്ഷണങ്ങൾ

ചർമ്മത്തിന് മഞ്ഞനിറം, വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന, കണ്ണിൻറെ വെളുത്തഭാഗം മഞ്ഞനിറമാകുക എന്നിവയാണ് കരൾരോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ഇടവിട്ടുള്ള പനി, ക്ഷീണം, ഛർദ്ദി എന്നിവയും ഉണ്ടാകും. വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ശരീരത്തിൽ കാണപ്പെടുന്ന ചുവപ്പുനിറമുള്ള പാടുകൾ എന്നിവയും കരൾരോഗത്തിൻറെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടുക.