ഇസ്രായേലും യുഎഇയും ഒരുമിച്ച് ഗള്‍ഫ് മേഖലയിലെ ഭീഷണികളെ നേരിടും;ആളില്ലാ നാവിക കപ്പൽ വികസിപ്പിച്ചു

അബുദാബി: യുഎഇയും ഇസ്രായേലും സംയുക്തമായ നിർമ്മിച്ച ആദ്യത്തെ ആളില്ലാ നാവിക കപ്പൽ പ്രവർത്തന സജ്ജമായതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സമുദ്രത്തിൽ നിന്നുള്ള ഭീഷണികൾ വർധിച്ച സാഹചര്യത്തിലാണ് സംയുക്ത സംരംഭവുമായി ഇരു രാജ്യങ്ങളും രംഗത്തെത്തിയത്.

ഏറ്റവും പുതിയ സെൻസറുകളും ഇമേജിംഗ് സംവിധാനവും ആണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും മൈനുകൾ കണ്ടെത്താനും ഇവ സഹായിക്കുമെന്ന് കപ്പൽ നിർമ്മാതാക്കൾ പറയുന്നു. അബുദാബി തീരത്ത് നടന്ന നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷനിൽ (NAVDEX) ആണ് കപ്പലിന്റെ സവിശേഷതകൾ പ്രദർശിപ്പിച്ചത്.

ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും (ഐഎഐ) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഡിഫൻസ് കൺസോർഷ്യമായ എഡ്ജും ചേർന്നാണ് കപ്പൽ നിർമ്മിച്ചത്. നിരവധി ഡ്രോൺ ആക്രമണങ്ങളും മിസൈൽ ആക്രമണ ഭീഷണികളും നേരിടുന്ന ഗൾഫ് മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാകും ഈ കപ്പൽ എന്നാണ് കരുതുന്നത്.

‘മൈനുകളുടെ ഭീഷണിയും മറ്റ് ആക്രമണ ഭീഷണികളും പരിഹരിക്കാനായി ഞങ്ങൾ ഒരുമിച്ച് ചേർന്ന് നിർമ്മിച്ച പ്രോജക്ട്‌ ആണിത്,’ ഐഎഐയുടെ നേവൽ ഉദ്യോഗസ്ഥനായ ഓറൻ ഗുട്ടർ പറഞ്ഞു.

ഇസ്രായേൽ നാവിക സേനയിലെ മുൻ ക്യാപ്റ്റൻ കൂടിയാണ് ഗുട്ടർ. ഈ പ്രദേശത്തെ ഭീഷണികളെ പ്രതിരോധിക്കാൻ കപ്പലുകൾക്ക് കഴിയുമെന്നും അവയെ വിദേശത്തേക്ക് കൂടി വിന്യസിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വ്യോമമേഖലയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് യുഎഇയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഗുട്ടർ വ്യക്തമാക്കി. കൂടാതെ രാജ്യത്തിന്റെ നാവിക ശേഷി ശക്തിപ്പെടുത്തുമെന്നും ഗുട്ടർ കൂട്ടിച്ചേർത്തു.

2020ലെ എബ്രഹാം ഉടമ്പടിയോടെയാണ് യുഎഇ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെട്ടത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്നതാണ് എബ്രഹാം ഉടമ്പടി. ഇതോടെ പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും മുന്നോട്ട് വരികയായിരുന്നു.