എറണാകുളം കളക്ടറുടെ കാറിന് തടസം സൃഷ്ടിച്ച ആഡംബര കാര്‍ ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു

എറണാകുളം ജില്ലാ കളക്ടറുടെ വാഹനത്തിന് തടസം സൃഷ്ടിച്ച് അമിതവേഗത്തില്‍ ദിശ തെറ്റിച്ചെത്തിയ ആഡംബര കാറിന്‍റെ ഡ്രൈവറോട് ആറുമാസം വണ്ടി ഓടിക്കേണ്ടന്ന് ആര്‍ടിഓ. ദിവസങ്ങള്‍ക്ക് മുന്‍പ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. കാര്‍ ഓടിച്ചിരുന്ന കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ കാര്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന്‍ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാര്‍ സിഗ്‌നല്‍ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന് എതിരെ വന്നു.

കളക്ടറുടെ ഡ്രൈവര്‍ ഹോണടിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വാഹനം കടന്നുപോകാന്‍ വഴിനല്‍കാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ കളക്ടര്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങി. പിന്നീട് കളക്ടറേറ്റില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. വാഹന നമ്പര്‍ കണ്ടെത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.

ആശുപത്രി സേവനം ചെയ്യനാണ് ഡ്രൈവര്‍ക്ക് ആദ്യം നല്‍കിയ ശിക്ഷ. എന്നാല്‍ തനിക്ക് ഇക്കാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച ഡ്രൈവറെ പക്ഷെ ആര്‍ടിഒ വെറുതെ വിട്ടില്ല. ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാന്‍ ഉത്തരവിട്ട് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Verified by MonsterInsights