എത്ര അളവില്‍ മദ്യപിക്കാം?, സുരക്ഷിത മദ്യപാനം എന്ന ഒന്നുണ്ടോ? | അറിയാം മദ്യത്തിന്റെ രസതന്ത്രം

ഞാൻ എന്റെ ലിമിറ്റിലേ കുടിച്ചിട്ടുള്ളൂ,’
‘എത്ര മദ്യപിച്ചാലും എന്റെ കൈയും കാലും വിറയ്ക്കില്ല.’
എന്നൊക്കെ പലരും അവകാശപ്പെടുന്നത് കേട്ടിട്ടുണ്ടാവും. ‘അപകടകരമായ അളവ് മദ്യം’ എന്നതിന് വല്ല മാനദണ്ഡവും ഉണ്ടോ

പുരുഷന്മാര്‍ ഒരാഴ്ചയില്‍ 150 ഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ ഒറ്റത്തവണ 40 ഗ്രാമില്‍ കൂടുതലോ എഥനോള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് അപകടകരമായ മദ്യപാനമായി കണക്കാക്കാം. സ്ത്രീകളില്‍ ഇത് യഥാക്രമം 70 മുതല്‍ 80 ഗ്രാമും, മുപ്പത് ഗ്രാമുമാണ്. ഗര്‍ഭിണികളോ, 21 വയസ്സില്‍ താഴെയുള്ളവരോ എത്ര കുറഞ്ഞ അളവ് മദ്യം ഉപയോഗിച്ചാലും അത് അപകടകരമായിത്തന്നെയാണ് കണക്കാക്കുന്നത്. മദ്യപാനം മൂലം ഒരു വ്യക്തി അപകടകരമായ അവസ്ഥയിലാണോ എന്ന് മനസ്സിലാക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന ടെസ്റ്റ് ആണ് Alcohol Use Disorders Identification Test (AUDIT).

മദ്യത്തോട് മനുഷ്യനുള്ള ആകര്‍ഷണത്തെ വിശദീകരിക്കുന്ന രസകരമായ ഒരു സിദ്ധാന്തമുണ്ട്. കുടിയന്‍ കുരങ്ങന്റെ സിദ്ധാന്തം അഥവാ Drunken monkey hypothesis എന്നാണ് അത് അറിയപ്പെടുന്നത്. കാട്ടിലെ പഴുപ്പേറിയ പഴങ്ങളില്‍ ക്വിണനം വഴി എഥനോള്‍ ഉത്പാദിപ്പിക്കപ്പെടും. വളരെ സാന്ദ്രത കുറഞ്ഞ ഇത് കാട്ടിലൂടെ ദൂരേക്ക് ഒഴുകിയെത്തി പ്രൈമേറ്റുകളെ ആകര്‍ഷിക്കുകയും അവ പഴങ്ങള്‍ കഴിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള ഈ ശീലമാണ് മനുഷ്യന്റെ മദ്യാസക്തിക്ക് കാരണം എന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെച്ച റോബര്‍ട്ട് ഡൂഡ്‌ലി അഭിപ്രായപ്പെടുന്നത്.