കാനഡയില്‍ ജോലി എന്നതാണോ സ്വപ്‌നം; 70,000ത്തിലേറെ അവസരങ്ങള്‍ കാത്തിരിപ്പുണ്ട്

ഏറെ മലയാളികള്‍ ജോലി ചെയ്യാനും പഠിക്കാനും വേണ്ടി സ്വപ്‌നം കാണുന്ന രാജ്യമാണ് കാനഡ. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഏറെയുളള രാജ്യത്തേക്ക് കുടിയേറാനും ഭാവി ജീവിതം കെട്ടിപ്പെടുക്കാനും ഇഷ്ടപ്പെടുന്ന യുവതയുടെ എണ്ണം ഏറെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 21,597  പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരന്‍മാരായി മാറിയത്. കാനഡയില്‍ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമ്മര്‍ എത്തുന്നതോടെ വലിയ തോതിലുള്ള തൊഴില്‍ അവസരങ്ങളാണ് കാനഡയിലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 25മുതല്‍ യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള കാനഡ സമ്മര്‍ ജോബ്‌സിന്റെ 2023ലെ നിയമന കാലയളവ് രാജ്യത്ത് ആരംഭിക്കുമെന്ന് സ്ത്രീ, ലിംഗ സമത്വ, യുവജന വകുപ്പ് മന്ത്രി മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന സമ്മറില്‍ 70,000ത്തോളം തൊഴില്‍ പ്ലേസ്‌മെന്റുകള്‍ യുവജനങ്ങള്‍ക്കായി നല്‍കുമെന്നാണ് മാര്‍സി ഐന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. jobbank.gc.ca/youth വെബ്‌സൈറ്റ് വഴിയും ജോബ് ബാങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയും കാനഡയിലെ വിവിധ മേഖലയിലുളള തൊഴിലവസരങ്ങള്‍ കണ്ടെത്താമെന്നും കാനഡ സമ്മര്‍ ജോബ്‌സ് യുവ ജനങ്ങളുടെ കഴിവുകള്‍ പ്രോത്സാബഹിപ്പിക്കാനും തൊഴില്‍ തടസങ്ങള്‍ നേരിടുന്ന യുവാക്കളെ പിന്തുണക്കാനും അവസരങ്ങള്‍ ഒരുക്കുന്നുവെന്നും മാര്‍സി ഐന്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാപരിക്ജ്ഞാനം കാനഡയില്‍ ജോലി തിരയുന്നവരെ സംബന്ധിച്ച് നിര്‍ണായകമാണ്.ജോബ് പ്രോഗ്രാംസ് വഴി തൊഴിലുടമകള്‍ക്ക് അവര്‍ക്കാവശ്യമുളള തൊഴിലാളികളെ എളുപ്പത്തില്‍ ലഭിക്കാന്‍ അവസരമൊരുക്കുന്നു. കൂടാതെ ഈ പ്രോഗ്രാം വഴി തൊഴില്‍ ചെയ്യുന്ന യുവാക്കള്‍ തൊഴില്‍ വിപണിയില്‍ അനുഭവസമ്പത്ത് ഉണ്ടാകാനും സ്‌കില്‍ ഡെവലപ്പ് ചെയ്യാനും ഈ പ്രോഗാം അവസരം ഒരുക്കുന്നു. കാനഡയില്‍ പി.ആറിനായി എക്‌സ്പ്രസ് എന്‍ട്രി വഴി ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു അവസരമാണ് ഈ പ്രോഗ്രാം വഴി ഒരുങ്ങുന്നത്.സയന്‍സ്, കണ്‍സ്ട്രക്ഷന്‍, ടെക്ക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് ഏറെ അവസരങ്ങളുള്ളത്.