ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഇ-മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിലേക്ക് IIT കാൺപൂർ അപേക്ഷകൾ ക്ഷണിച്ചു

ഐഐടി കാൺപൂർ ഫിനാൻഷ്യൽ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ഇ-മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു ഫിൻടെക് (ഫിനാ‍ൻഷ്യൽ + ടെക്നോളജി) സ്പെഷ്യലിസ്റ്റുകളെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. മെയ് 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ എന്നിവയുടെ വികസനത്തോടെ ഫിൻടെക് രം​ഗത്തും വലിയ മാറ്റങ്ങളുണ്ടായെന്ന് ഐഐടി കാൺപൂർ അറിയിച്ചു. കോഴ്സിലെ ആദ്യത്തെ ബാച്ചിലേക്ക് വിജയകരമായി എൻറോൾമെന്റെ പൂർത്തിയാക്കിയിരുന്നു.

സാമ്പത്തിക സേവനങ്ങൾ, ടെക്നോളജി സ്റ്റാർട്ടപ്പുകൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലകൾ എന്നിവയിൽ ഒരു കരിയർ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കുള്ളതാണ് ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഇ-മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം. ഇപ്പോഴും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന മേഖലയാണ് ഫിൻ‌ടെക്. സാമ്പത്തിക രം​ഗത്തെ പരമ്പരാ​ഗത ആശയങ്ങളുമായി സാമ്പത്തിക, സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ ആശയങ്ങൾ സംയോജിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഈ രം​ഗത്ത് മികച്ച പ്രകടനം നടത്താനാകുന്നവരുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിംഗ്, പേയ്‌മെന്റുകൾ, ഇൻഷുറൻസ്, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ഫിൻടെക്ക് പ്രൊഫഷണലുകൾക്ക് വലിയ മാറ്റം വരുത്താനാകും. ഈ ഇ-മാസ്റ്റേഴ്‌സ് പ്രോഗ്രാം, വിദ്യാർത്ഥികളുടെ സമയം അനുസരിച്ച് പഠിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾ വേഗതമേറിയതും സാങ്കേതികമായി മുന്നിൽ നിൽക്കുന്നതുമായി ഫിൻടെക് മേഖലയിൽ മികവ് പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

”സമഗ്രമായ പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക നവീകരണം, ഡിജിറ്റൽ രം​ഗത്തെ വളർച്ച, ഡാറ്റാ അനലിറ്റിക്‌സ്, റിസ്ക് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. ഈ മേഖലകളിലെ
നേതൃസ്ഥാനമടക്കം, വിവിധ റോളുകൾ കൈകാര്യം ചെയ്യാനാകുന്ന വിധം ഈ കോഴ്സ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു”, ഐഐടി കാൺപൂരിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫിൻ‌ടെക് ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതിലും അവ പ്രവർത്തിപ്പിക്കുന്നതിലും വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകളും ഉണ്ടാകും. ഓൺലൈൻ കോഴ്‌സുകൾ, കേസ് സ്റ്റഡീസ്, ‌പ്രോജക്റ്റുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് കോഴ്സ്.