ഫുട്ബോളിൽ ഇന്ത്യയ്ക്ക് വിലക്ക്. രാജ്യാന്തരമത്സരം കളിക്കാനാകില്ല; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമാകും.

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും. എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തില്‍ ആക്കുകയാണ് മുന്നിലുള്ള വഴി.അതേസമയം വരാനിരിക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ വ്യക്തിഗത അംഗങ്ങളെ ഉൾപ്പെടുത്തുന്നതിലുള്ള എതിർപ്പിൽ ഉറച്ചുനിൽക്കുന്നതായി ഫിഫ കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിച്ചു. ഫിഫയുടെ ആവശ്യങ്ങളെക്കുറിച്ചും ഇന്ത്യൻ ഫുട്ബോൾ ഇംബ്രോഗ്ലിയോയിൽ കായിക മന്ത്രാലയത്തിന്റെ നിലപാടുകളെക്കുറിച്ചും വ്യക്തത തേടി, കായികമന്ത്രാലയം എഐഎഫ്എഫ് താൽക്കാലികഭരണസമിതിയ്ക്ക് കത്തയച്ചിട്ടുണ്ട്.

 
koottan villa
Verified by MonsterInsights