‘ഫോസ്ബറി ഫ്ലോപ്പ് ‘ ലോകത്തെ പഠിപ്പിച്ച അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു

അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൈജംപിന്റെ ഗതിമാറ്റിയ ‘ഫോസ്ബറി ഫ്ലോപ്പ്’ ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ ‌മരണവാര്‍ത്ത മുന്‍ ഏജന്റായ റായ് ഷള്‍ട്ടെയാണ് പുറത്തുവിട്ടത്. ഏറെ നാളായി അർബുദബാധിതനായിരുന്നു.

അമേരിക്കയ്ക്ക് വേണ്ടി ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയ ഫോസ്ബറി ഹൈജംപില്‍ പുതിയൊരു ശൈലിക്ക് തന്നെ തുടക്കം കുറിച്ചു. ഇന്ന് ഹൈജംപര്‍മാര്‍ എല്ലാവരും അനുകരിക്കുന്ന ഫോസ്ബറി ഫ്ലോപ്പ് ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്. വായുവിലുയര്‍ന്ന് മലര്‍ന്ന് കിടന്ന് ബാറിന് മുകളിലൂടെ ചാടുന്നതാണ് ഫോസ്ബറി ഫ്ലോപ്പ്. ഫോസ്ബറി ഈ ചാട്ടം കണ്ടെത്തിയതിനുപിന്നാലെ ഏവരും ഇത് അനുകരിക്കാനാരംഭിച്ചു.

കാല്‍ ആദ്യം ക്രോസ് ബാറിനെ മറികടക്കുന്ന രീതിയിലുള്ള ചാട്ടമാണ് ഹൈജംപില്‍ അതുവരെ നിലനിന്നത്. എന്നാല്‍ ഫോസ്ബറിയുടെ ഈ വേറിട്ട പരീക്ഷണം വലിയ വഴിത്തിരിവായി. കാലിനുപകരം ബാറിന് മുകളിലൂടെ തല ആദ്യം കടത്തി പിന്നാലെ ശരീരമെത്തുന്ന ചാട്ടം ഫോസ്ബറിയുടെ വജ്രായുധമായി മാറി. ഇത് പില്‍ക്കാലത്ത് ലോകം മുഴവന്‍ അംഗീകരിക്കുകയും അനുകരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.  കോളജ് വിദ്യാർത്ഥിയായിരിക്കെ 1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ സ്വർണനേട്ടം. മലര്‍ന്നുചാടി ഫോസ്ബറി നേടിയ സ്വര്‍ണം ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ്പാകുമെന്ന് ആരും കരുതിയില്ല. ഏഴ് അടിയും നാലേകാല്‍ ഇഞ്ചും ചാടിയാണ് താരം അന്ന് സ്വര്‍ണമെഡല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. ഫോസ്ബറിയുടെ ഈ ചാട്ടം ലോകത്തിന്റെ ചര്‍ച്ചയായി. പല അത്‌ലറ്റുകളും ഈ ചാട്ടത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തി. 1972 ഒളിംപിക്‌സില്‍ ഹൈജമ്പില്‍ പങ്കെടുത്ത 40ല്‍ 28 പേരും ഫോസ്ബറിയുടെ ചാട്ടം അനുകരിച്ച് മത്സരിച്ചു. പിന്നീട് ഹൈജംപിന്റെ പ്രധാന തന്ത്രമായി ഫോസ്ബറി ഫ്ലോപ്പ് മാറി.

Verified by MonsterInsights