ജി 20: നരേന്ദ്ര മോദിയുടെ പ്രസ്താവന ആവർത്തിച്ച് ഇന്ത്യ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി

‘ഇത് യുദ്ധത്തിന്റെ യു​ഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവർത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിലപാട് വ്യക്തമാക്കിയത്. ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും എല്ലാ രാജ്യങ്ങളിലുമുള്ള വിദേശകാര്യ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്യുക എന്നതാണ് യോ​ഗത്തിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ, നിലവിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ യോഗം ചേരുന്നത്. ഇന്നും നാളെയുമായിട്ടാണ് യോ​ഗം നടക്കുന്നത്.

യോ​ഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് എന്നിവരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വീകരിച്ചു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. മുൻപ് 2021 ജൂലൈയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ ക്ഷണിച്ച 40 രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കുന്നും. പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നേരത്തെ, മുൻ ചൈനീസ് മന്ത്രി വാങ് യി 2019ൽ ന്യൂഡൽഹി സന്ദർശിച്ചിരുന്നു.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ജി-20 യിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും ലാവ്‌റോവിനോട് സംസാരിച്ചതായി ജയശങ്കർ പറഞ്ഞു.

മാർച്ച് രണ്ടിന് നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദികളെ സഹായിക്കുന്നതിൽ ക്രിപ്‌റ്റോകറൻസിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധം ​യോ​ഗത്തിലെ പ്രധാന ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യോഗത്തിൽ പങ്കെടുക്കാൻ ‍ഡൽഹിയിലെത്തിയത്. ബുധനാഴ്ച അദ്ദേഹം എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കു കാരണം ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. ജി20 സമ്മേളനത്തോടനുബന്ധിച്ച് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യേകം ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഹയാഷിയുടെ വരവും ഏവരും ഉറ്റുനോക്കിയിരുന്നു. ആഭ്യന്തര കാരണങ്ങൾ മൂലം തങ്ങൾക്കും യോ​ഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് ദക്ഷിണ കൊറിയയിലെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയെ അറിയിച്ചിരുന്നു.

Verified by MonsterInsights