ഫോൺ ചൂടാകുമെന്ന പേടി വേണ്ട; പുത്തൻ കൂളിംഗ് സാങ്കേതികവിദ്യയുമായി വൺപ്ലസ് 11 കൺസെപ്റ്റ്

ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023ൽ (MWC 2023) വൺപ്ലസ് 11 കൺസെപ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ കൂളിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ മോഡലാണ് ഇത്.

വൺപ്ലസ് 11 കൺസെപ്റ്റ് മോഡലിന്റെ ടീസർ വീഡിയോ നൽകുന്ന സൂചന വൺപ്ലസ് കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത ഡിസൈൻ എൽഇഡി ടെംപ്ലേറ്റ് അതുപോലെ തന്നെ പിന്തുടരുന്നു എന്നാണ്. കൂടാതെ ഫോൺ അമിതമായി ചൂടാകാതിരിക്കുന്നതിന് വേണ്ടിയുള്ള സാങ്കേതികവിദ്യയുമുണ്ട്. ഫോണിന്റെ പുറകിലത്തെ പാനലിലൂടെ തണുത്ത ക്രയോജനിക് ദ്രാവകം ഒഴുകുന്നത് വീഡിയോയിൽ കാണാം.

കമ്പ്യൂട്ടറുകളിലേത് പോലുള്ള കൂളിംഗ് സിസ്റ്റം മൊബൈലിലേക്ക് കൊണ്ടുവരാനാണ് വൺപ്ലസ് ആഗ്രഹിക്കുന്നത്. വൺപ്ലസ് 11 കൺസെപ്റ്റിലെ ഈ ആശയം ഭാവിയിലേക്കുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ ഒരു സൂചിന കൂടിയാണ്. ഫോണിലുടനീളം ദ്രാവകം ഒഴുകുന്ന രീതിയിൽ കൂളിംഗ് പമ്പ് ഉൾപ്പെടുന്ന സാങ്കേതികവിദ്യയാണിത്. ആക്റ്റീവ് ക്രയോഫ്ലെക്‌സ് സാങ്കേതികവിദ്യ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്, ബാക്ക് പാനലിലൂടെ ഈ ദ്രാവകം ഒഴുകുന്നത് ഉപയോക്താക്കൾക്ക് കാണാം.

ഗെയിം കളിക്കുന്ന സമയത്ത് ഫോണിന്റെ താപനില 2.1 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനും ചാർജ് ചെയ്യുമ്പോൾ ചൂട് 1.6 ഡിഗ്രി കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സംഖ്യകൾ അത്ര വലുതല്ലായിരിക്കാം, എന്നാൽ ഗെയിമർമാർക്ക് ഇത് സഹായകമായേക്കാം. ഫോണിന്റെ മൊത്തത്തിലുള്ള ചാർജിംഗ് സമയം കുറയ്ക്കാനും ഇതുവഴി സാധിക്കും.

ഫോണിന്റെ പിൻഭാഗത്ത് കൂടിയാണ് തണുന്ന ദ്രാവകം ഒഴുകുന്നത്. നിലവിൽ നിർമ്മാണം പൂർത്തിയായതോ ഉപയോഗത്തിൽ ഉള്ളതോ ആയ ഒരു മോഡലിലും ഈ സാങ്കേതികവിദ്യ ഉള്ളതായി വൺപ്ലസ് പറയുന്നില്ല. എന്നാൽ ഈ ആശയത്തിൽ കാണിച്ചിട്ടുള്ള പല ഘടകങ്ങളും ഒരു ഗെയിമർ ഫോണിൽ കൊണ്ടുവരാൻ കഴിയും എന്ന നിലയ്ക്കാണ് കമ്പനി ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആ രീതിയിൽ ഒരു ഫോൺ കമ്പനി പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.

ക്യാമറകളിൽ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ വൺപ്ലസ് 11 മോഡൽ ഈ വർഷം കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ പുതിയ OnePlus 11 ഫോൺ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 56,999 രൂപയിലും 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 61,999 രൂപയിലും ആണ് ലഭിക്കുക. 2K 120Hz AMOLED ഡിസ്‌പ്ലേയും ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകൾ പകർത്തുന്ന 50MP OIS ക്യാമറയും ഫോണിനുണ്ട്. ഇതിനെല്ലാം പുറമേ 5000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗ് ശേഷിയുമാണ് മറ്റൊരു പ്രത്യേകത.