ക്ലാസിക് വീഡിയോ ഗെയിമായ പോങ് കളിക്കുന്ന രീതി പഠിക്കാൻ കഴിയുന്ന ‘ചിന്താശേഷിയുള്ള’ തലച്ചോർ കോശം വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ. ചെറിയ പാത്രത്തിൽ (ഡിഷ്) ജീവിക്കുന്ന കോശം ബുദ്ധിയും ബോധവും പ്രകടിപ്പിക്കുന്നതിന്റെ സൂചനയാണിതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
ബ്രെറ്റ് കാഗൻ എന്ന ഓസ്ട്രേലിയൻ ന്യൂറോസൈന്റിസ്റ്റിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനം ബുധനാഴ്ച ന്യൂറോൺ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ കമ്പ്യൂട്ടറുകളെ സഹായിക്കുന്ന വിധത്തിൽ ഒരു നാൾ ബയോളജിക്കൽ ഇൻഫർമേഷൻ പ്രോസസറുകളായി ന്യൂറോണുകളെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഗവേഷണത്തിലേക്ക് വാതിൽ തുറക്കുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് കാഗൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
വേഗത്തിൽ പഠിക്കുക എന്നത് യന്ത്രങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഒരു മെഷീൻ ലേണിംഗ് അൽഗോരിതം എന്തെങ്കിലും പഠിക്കണമെങ്കിൽ അതിന് ആയിരക്കണക്കിന് ഡാറ്റാ സാമ്പിളുകൾ ആവശ്യമാണെന്നും കാഗൻ പറഞ്ഞു. എന്നാൽ ഒരു മനുഷ്യനോട് ചോദിച്ചാൽ, അല്ലെങ്കിൽ ഒരു പട്ടിയെ പരിശീലിപ്പിക്കുകയാണെങ്കിൽ, രണ്ടോ മൂന്നോ ശ്രമത്തിൽ തന്നെ പട്ടി കാര്യങ്ങൾ പഠിച്ചെടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈച്ച മുതൽ മനുഷ്യൻ വരെയുള്ള എല്ലാ മൃഗങ്ങളിലെയും ബുദ്ധിയുടെ അടിസ്ഥാന ഘടകമാണ് ന്യൂറോണുകൾ. മെൽബൺ ആസ്ഥാനമായുള്ള കോർട്ടിക്കൽ ലാബിലെ ചീഫ് സൈന്റിഫിക് ഓഫീസറായ കാഗൻ, ന്യൂറോണുകളുടെ തനത് ബുദ്ധിയെ നിയന്ത്രിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള ശ്രമത്തിലാണ്.
പരീക്ഷണം നടത്താനായി കാഗനും സംഘവും എംബ്രയോണിക് ബ്രെയിനുകളിൽ നിന്ന് എലിയുടെ കോശങ്ങളും മുതിർന്നവരുടെ സ്റ്റെം സെല്ലുകളിൽ നിന്ന് മനുഷ്യ ന്യൂറോണുകളും ശേഖരിച്ചു.
തുടർന്ന്, ഇവയെ ഉദ്ദീപിപ്പിക്കാനും ഇവയുടെ പ്രവർത്തനം മനസ്സിലാക്കാനും കഴിയുന്ന മൈക്രോഇലക്ട്രോഡ് അരേകൾക്കു മുകളിൽ ഇവയെ വളർത്താൻ തുടങ്ങി. ഏകദേശം ഒരു വലിയ തേനീച്ചയുടെ തലച്ചോറിനോളം വലുപ്പം വരുന്ന, 800000-ത്തോളം ന്യൂറോണുകൾ ഉപയോഗിച്ചായിരുന്നു സംഘത്തിൻ്റെ പരീക്ഷണം.
പോങ് ഗെയിമിന്റെ എതിരാളി ഇല്ലാത്ത പതിപ്പാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ബോൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് കാണിക്കാനായി അരോയുടെ ഇടതുവശത്തു നിന്നോ വലതുവശത്തു നിന്നോ സിഗ്നൽ അയയ്ക്കുകയും ഇതിനനുസരിച്ച് പാഡിൽ നീക്കുന്നതിനായി കൃത്രിമ തലച്ചോർ തിരിച്ച് സിഗ്നൽ അയയ്ക്കുകയും ചെയ്തു എന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിശദീകരണം. ഡിഷ്ബ്രെയിൻ എന്നാണ് സംഘം കൃത്രിമ തലച്ചോറിനെ വിളിക്കുന്നത്.
ന്യൂറോണുകളെ എങ്ങനെ പഠിപ്പിക്കാം എന്നതായിരുന്നു ഇവർക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ശരിയായ പ്രവൃത്തനം ചെയ്യുമ്പോൾ, ഉന്മേഷം തോന്നുന്ന ഹോർമോണായ ഡോപ്പമിൻ പ്രതിഫലമായി നൽകുക എന്നതായിരുന്നു മുൻകാലങ്ങളിൽ നിർദ്ദേശിച്ചിരുന്ന രീതി. എന്നാൽ, പ്രായോഗിക തലത്തിൽ സമയബന്ധിതമായി ഇത് നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.
പേപ്പർ എഴുതിയ സംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ കാൾ ഫ്രിസ്റ്റൺ ഒരു പതിറ്റാണ്ട് മുൻപ് രൂപം നൽകിയ “ഫ്രീ എനർജി പ്രിൻസിപ്പിൾ” എന്ന തത്വമാണ് ഇതിനായി ഉപയോഗിച്ചത്. ചുറ്റുപാടിലെ അനിശ്ചിതത്വം ഏറ്റവും കുറയ്ക്കാനായി കോശങ്ങൾ പരസ്പരം ശക്തമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ തത്വം.
ബോളിൽ പാഡിൽ തട്ടിക്കുന്നതിൽ ന്യൂറോണുകൾ വിജയിക്കുമ്പോൾ വിജയവുമായി ബന്ധപ്പെട്ട “പ്രവചിക്കാവുന്ന” ഇലക്ട്രിക്കൽ സിഗ്നൽ അവയ്ക്ക് ലഭിക്കും. എന്നാൽ പരാജയപ്പെടുമ്പോൾ, കൃത്യമല്ലാതത്തോ പ്രവചിക്കാൻ കഴിയാത്തതോ ആയ നിഗ്നൽ ആയിരിക്കും ലഭിക്കുക.
ന്യൂറോണുകൾക്ക് അവയുടെ ലോകം പ്രവചിക്കാനാകുന്നതും നിയന്ത്രിക്കാനാകുന്നതും ആയി നിലനിർത്തുന്നതിന് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ബോൾ അടിക്കുന്നതിൽ മെച്ചപ്പെടുക എന്നതായിരുന്നു എന്ന് കാഗൻ പറയുന്നു. സംവേദന സംബന്ധമായ വിവരങ്ങൾ തിരിച്ചറിയാനും അവയോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കാനും കഴിയുന്ന, ബോധമുള്ള വസ്തുവാണ് ഡിഷ്ബ്രെയിൻ എന്ന് സംഘം കരുതുന്നു.
ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഗൂഗിൾ ക്രോമിൽ ദൃശ്യമാകുന്ന ദിനോസർ ഗെയിം ഡിഷ്ബ്രെയിനിനെ കൊണ്ട് കളിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ പ്രാഥമിക ഫലങ്ങൾ അനുകൂലമാണ്.
അടുത്ത ഘട്ടത്തിൽ മരുന്നുകളും ആൽക്കഹോളും ഡിഷ്ബ്രെയിന്റെ ബുദ്ധിയെ എങ്ങനെയാണ് ബാധിക്കുക എന്ന് പഠിക്കാനുള്ള ശ്രമത്തിലാണ് സംഘം. ഈ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി ഭാവിയിൽ ബയോളജിക്കൽ കമ്പ്യൂട്ടറുകൾ നിലവിൽ വരാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കുമ്പോൾ താൻ ആവേശഭരിതനാണെന്ന് കാഗൻ പറയുന്നു.