ഗോൾഡൻ ഫിഫ്റ്റി;സച്ചിൻ തെന്‍ഡുല്‍ക്കറുടെ അമ്പതാം ജന്മദിന സമ്മാനമായി വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രതിമ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ബഹുമാനമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രതിമ സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സച്ചിനെ തേടി ഈ ബഹുമതി എത്തുന്നത്. 2013ല്‍ ഇന്ത്യയ്ക്കായി സച്ചിന്‍ തന്റെ അവസാന മത്സരം കളിച്ച സ്റ്റേഡിയം കൂടിയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം.

സച്ചിന്റെ അമ്പതാം പിറന്നാള്‍ ദിനമായ ഏപ്രില്‍ 30നാകും പ്രതിമ അനാഛാദനം ചെയ്യുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിമ സ്ഥാപിക്കാന്‍ സച്ചിന്റെ സമ്മതം വാങ്ങിയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെ പറഞ്ഞു.

വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യത്തെ പ്രതിമയാണ് സച്ചിന്റേത്. പ്രതിമ സ്റ്റേഡിയത്തില്‍ എവിടെ സ്ഥാപിക്കണമെന്ന് ആലോചിച്ച് വരികയാണ്,’ എന്നാണ് അമോല്‍ കാലെ പറഞ്ഞത്.

‘ഭാരതരത്‌ന ജേതാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹം ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെപ്പറ്റി ആര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാള്‍ വേളയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി ഒരു ചെറിയ സമ്മാനം. അതാണ് പ്രതിമ അനാഛാദനം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് ആഴ്ച മുമ്പ് ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തില്‍ നിന്ന് അനുമതിയും വാങ്ങിയിട്ടുണ്ട്,’ അമോല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണ്ണകായ പ്രതിമകള്‍ വളരെ കുറവാണ്. നിലവില്‍ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇത്തരം പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ സികെ നായിഡുവിന്റെ പ്രതിമ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയത്തിലും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലും സ്ഥാപിച്ചിട്ടുണ്ട്.

നിലവില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ പേരില്‍ ഒരു കോര്‍പ്പറേറ്റ് ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ ദിലിപ് വേങ്ക്‌സര്‍കാരിന്റെ പേരിലൊരു സ്റ്റാന്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് സച്ചിന്‍. 463 വണ്‍ഡേ ഇന്റര്‍നാഷണലുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവും അധികം അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 34,357 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം ലോകത്ത് വിവിധ സ്റ്റേഡിയങ്ങളിലും കായിക താരങ്ങളുടെ പ്രതിമകള്‍ സ്ഥാപിക്കാറുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈയടുത്ത് അന്തരിച്ച താരം ഷെയ്ന്‍ വോണിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 2011ലാണ് പ്രതിമ സ്ഥാപിച്ചത്.