മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി. ഞായറാഴ്ച 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ദുരിതബാധിത ജില്ലകളില്‍ കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ അയക്കും.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റെയ്ഗാഡിലാണ് മഴക്കെടുതിയില്‍ കൂടുതല്‍ മരണം സംഭവിച്ചത്. 60 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. സത്താരയില്‍ 41 പേരും മരിച്ചു. ഇതുവരെ ദുരന്തത്തില്‍ 100 പേരെയാണ് കാണാതായിരിക്കുന്നത്. 50 പേര്‍ക്ക് ഗുരുതരമായ പരുക്കുകളും പറ്റിയിട്ടുണ്ട്.
2.29 ലക്ഷം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 1.69 ലക്ഷം പേരെ സംഗലിയില്‍ നിന്ന് മാത്രം മാറ്റിപ്പാര്‍പ്പിച്ചു. കോലാപ്പൂരില്‍ നിന്ന് 40,882 പേരെയും. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളാണ് വിവിധ പ്രദേശങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍, ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ 10 ടീമുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.