ഹൃദയാഘാതത്തിന്റെ സാധ്യത അറിയാം രക്തപരിശോധനയിലൂടെ

നിനച്ചിരിക്കാതെ എത്തി നമ്മുടെ ജീവൻ തന്നെ കവർന്നെടുക്കാവുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം വരുന്നതിന് മുൻപ് ചില സൂചനകളൊക്കെ ശരീരം തന്നേക്കാമെങ്കിലും പലർക്കും ഇവ മനസ്സിലായെന്ന് വരില്ല. എന്നാൽ ഹൃദയാഘാതത്തിന്റെ സാധ്യതകൾ കൃത്യമായി പ്രവചിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന ലളിതമായ ഒരു രക്തപരിശോധനയാണ് കാർഡിയോ സി-റിയാക്ടീവ് പ്രോട്ടീൻ ടെസ്റ്റ് അഥവാ എച്ച്എസ്-സിആർപി. കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സി-റിയാക്ടീവ് പ്രോട്ടീന്റെ സാന്നിധ്യമാണ് ഇതിൽ പരിശോധിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന എന്തെങ്കിലും അണുബാധയോടുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് ഇവ രക്തപ്രവാഹത്തിലേക്ക്
എത്തുന്നത്.

സിആർപി പരിശോധനകൾ സ്റ്റാൻഡേർഡ് സിആർപി എച്ച്എസ്-സിആർപി എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട്.

സ്റ്റാൻഡേർഡ് സിആർപി ടെസ്റ്റ് ലീറ്ററിൽ 10 മുതൽ 1000 മില്ലിഗ്രാം വരെ സി റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യമാണ് അളക്കുന്നത്. എന്നാൽ എച്ച്എസ്-സിആർപി ടെസ്റ്റിൽ 0.5 മുതൽ 10 മില്ലിഗ്രാം വരെ കുറഞ്ഞ തോതിലുള്ള പ്രോട്ടീൻ സാന്നിധ്യവും അളക്കാൻ സാധിക്കും. ദീർഘകാലമായി നിലനിൽക്കുന്ന അണുബാധയുടെ സൂചന നൽകാൻ ഈ പരിശോധനയ്ക്ക് കഴിയും. രക്തധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ, ഭാവിയിൽ ഉണ്ടാകാവുന്ന പക്ഷാഘാതം, പെരിഫെറൽ ആർട്ടറി രോഗങ്ങൾ എന്നിവയെ കുറിച്ചും മുന്നറിയിപ്പ് നൽകാൻ ഈ പരിശോധന ഉപയോഗപ്പെടുത്താറുണ്ട്.

എന്നാൽ ഈ പരിശോധന മാത്രം ഉപയോഗിച്ചല്ല ഡോക്ടർമാർ ഹൃദ്രോഗസാധ്യതകൾ നിർണയിക്കാറുള്ളതെന്നു ഫരീദബാദ് അമൃത ആശുപ്രതിയിലെ കാർഡിയോളജി വകുപ്പ് തലവൻ ഡോ. വിവേക് ചതുർവേദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ലിപിഡ് പ്രൊഫൈൽ, രക്തസമ്മർദം, പ്രമേഹം എന്നിവയുൾപ്പെടെയുള്ള മറ്റ് പരിശോധനകൾക്കൊപ്പം എച്ച്എസ്-സിആർപി പരിശോധന ഫലങ്ങളും ഉപയോഗിച്ചാണ് ഇക്കാര്യത്തിൽ ഡോക്ടർമാർ ഒരു നിഗമനത്തിലെത്താറുള്ളത്. സിആർപി തോത് ഒരാളിൽ ഉയർന്ന് കണ്ടാൽ രണ്ടാഴ്ചത്തെ ഇടവേളകളിൽ ഈ പരിശോധന രണ്ട് തവണ ആവർത്തിച്ചാണ് ദീർഘകാലമായുള്ള അണുബാധയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്.

Verified by MonsterInsights