മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ് മനുഷ്യമസ്തിഷ്ക്കം. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതാണ് ഇത്. മറ്റ് സസ്തനികളുടെ മസ്തിഷ്ക്കത്തിനു തുല്യമായ ഘടനയോടുകൂടിയുള്ളതാണ് മനുഷ്യമസ്തിഷ്ക്കവും, പക്ഷെ ഇതേ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്ക്കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്കത്തിന്.സെറിബ്രൽ കോർട്ടെക്സ് എന്ന ഭാഗമാണ് കൂടുതൽ വികാസം പ്രപിച്ചിരിക്കുന്നത്, മസ്തിഷ്ക്കത്തിന്റെ മുൻപിൽ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഇത്. ഇതിൽ മുൻനിര ലോബുകൾ കൂടുതൽ വികസിച്ചതായി കാണപ്പെടുന്നു, ഈ ഭാഗമാണ് സ്വയംനിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത്. മനുഷ്യരിൽ കാഴ്ചയ്ക്ക് വേണ്ടി തലച്ചോറിൽ നീക്കിവെച്ചിരിക്കുന്ന ഭാഗം വളരെ കൂടുതലാണ്.
സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്. മനുഷ്യമസ്തിഷ്ക്കത്തിൽ 50 മുതൽ 100 ബില്ല്യൺ നാഡീകോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 10 ബില്ല്യൺ എണ്ണം സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന കോർട്ടിക്കൽ പിരമിഡ് കോശങ്ങളാണ്. ഈ കോശങ്ങളെല്ലാം പരസ്പരം 100 ട്രില്ല്യൺ സിനാപ്റ്റിക് ബന്ധങ്ങളിലൂടെ തുടിപ്പുകൾ (Signals) കൈമാറുന്നു.തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സംരക്ഷണ വലയത്തിൽ സെറിബ്രോസ്പൈനൽ ദ്രവത്തിൽ മസ്തിഷ്ക്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ചുറ്റിലുമുള്ള രക്തചംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടുമിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് ക്ഷതമേൽക്കുവാനും രോഗം ബാധിക്കുവാനും സാധ്യതയുണ്ട്. ശക്തിതിയേറിയ ഇടിമൂലം തലയ്ക്കേൽക്കുന്ന ആഘാതം, തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങൾ, വിഷബാധ, നാഡീവിഷമായി പ്രവർത്തിക്കാവുന്ന വിവിധ രാസപാദാർത്ഥങ്ങളുടെ ബാധ എന്നിവ അവയിൽ പെടുന്നു. തലച്ചോറിനു ചുറ്റുമുള്ള കവചങ്ങൾ കാരണം രോഗാണുബാധയേൽക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവ്വമായി അണുബാധയേൽക്കുമ്പോൾ അത് വളരെയധികം സാരമുള്ളതായിമാറുന്നു. ശേഷമുള്ളത് പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം തുടങ്ങിയ ജനിതക രോഗങ്ങളാണ്. മാനസിക രോഗങ്ങളുടെ വിവിധ അവസ്ഥകളും വിഷാദം തുടങ്ങിയവയും ഭാഗികമായെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കണക്കാക്കുന്നു, ഈ രീതിയിൽ തലച്ചോറിനുണ്ടാകുന്ന ക്രമരഹിത പെരുമാറ്റത്തിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല.
പ്രായപൂർത്തിയെത്തിയ ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്ക്കത്തിന് 1400 ഗ്രാം ഭാരവും വ്യാപ്തം സ്ത്രീകളിൽ 1130 ക്യുബിക്ക് സെന്റിമീറ്ററും പുരുഷന്മാരിൽ 1260 ക്യുബിക്ക് സെന്റിമീറ്ററും ഉണ്ടാകും. കേന്ദ്രനാഡീവ്യവസ്ഥയുടെ 98%വും വരുന്ന മസ്തിഷ്കത്തിന്റെ പുറമേയുള്ള ആവരണമാണ് മെനിൻജസ്. മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്. ഏറ്റവും ബാഹ്യതമപാളിയാണ് ഡ്യൂറാമാറ്റർ. നല്ല കടുപ്പവും ദൃഢതയുള്ളതുമായ ഈ പാളിയ്ക്കും തലയോട്ടിയ്ക്കുമിടയ്ക്ക് കാണപ്പെടുന്ന അറയാണ് എപ്പിഡ്യൂറൽ സ്പേയ്സ് (Epidural space). ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ് മസ്തിഷ്ക്കം.മസ്തിഷ്കത്തിലുള്ള അറകളാണ് വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് സെറിബ്രോ സ്പൈനൽ ദ്രാവകം. പീയൂഷഗ്രന്ഥിയും പീനിയൽ ഗ്രന്ഥിയും തലച്ചോറിലുണ്ട്.
മനുഷ്യമസ്തിഷ്കത്തിൽ പ്രധാനമായും നാലു ഭാഗങ്ങളുണ്ട്;
*സെറിബ്രം.
*അനുമസ്തിഷ്കം. (സെറിബല്ലം)
*ഡയൻസെഫലോൺ.
*ബ്രെയിൻ സ്റ്റെം.