Present needful information sharing
തുടർച്ചയായ ജയങ്ങളുമായി ഇന്ത്യ നെഞ്ചുവിരിച്ചുനിൽക്കുകയാണ്. നാല് മാസം മുമ്പ് ട്വന്റി 20 ലോകകപ്പിൽ തുടരെ തോറ്റ് നിസ്സഹായരായി നിന്ന കാലം കഴിഞ്ഞു. രണ്ടാം ട്വന്റി 20 മത്സരത്തിൽ ശനിയാഴ്ച ശ്രീലങ്കയെ നേരിടുമ്പോൾ ജയിച്ചുകൊണ്ടിരിക്കുക എന്ന ശീലം മാറ്റാൻ രോഹിത് ശർമയ്ക്കും സംഘത്തിനും താത്പര്യമുണ്ടാവില്ല. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വൈകീട്ട് ഏഴ് മുതലാണ് മത്സരം.
ആദ്യമത്സരത്തിൽ ഇന്ത്യ നേടിയത് ഉജ്ജ്വല ജയമാണ്. ഇഷാൻ കിഷനും ശ്രേയസ് അയ്യരും മാരകമായ പ്രഹരശേഷി കാട്ടി. കിട്ടുന്ന അവസരങ്ങൾ യുവതാരങ്ങൾ നന്നായി മുതലാക്കുന്നുണ്ട്. പരിക്കുകാരണമാണ് ഋതുരാജ് ഗെയ്ക്വാദിന് ഈ മത്സരം കളിക്കാനാവാതെ പോയത്. ധരംശാലയിൽ അദ്ദേഹത്തിന് തിരിച്ചുവരാനാവുമെന്ന് രോഹിത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇഷാൻ കിഷനൊപ്പം ഗെയ്ക്വാദ് ഓപ്പൺ ചെയ്യും.
വെസ്റ്റിൻഡീസിനെതിരേ ചെയ്തതുപോലെ രോഹിത് വൺഡൗണാവും. രവീന്ദ്ര ജഡേജയെ തുടർന്നും ടോപ് ഓർഡറിൽ പരിഗണിക്കും. മലയാളിതാരം സഞ്ജു സാംസൺ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിലെത്തിയിട്ടും ബാറ്റിങ്ങിന് അവസരം കിട്ടാത്ത നിർഭാഗ്യം.ലഖ്നൗവിലേത് നല്ല ബാറ്റിങ് ട്രാക്കായിരുന്നു. സഞ്ജുവിന് അടിച്ചുകളിക്കാമായിരുന്ന അവസരമാണ് നഷ്ടമായത്.