ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഷാവോമിയ്ക്ക് 8 ശതമാനം നഷ്ടം

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഇന്ത്യൻ വിപണി വിഹിതത്തിൽ ഷാവോമിയ്ക്ക് 8 ശതമാനം നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കാണിത്. വിപണിയിൽ മത്സരം ശക്തമായതും വിതരണ ശംൃഖലയിലുണ്ടായ പ്രതിസന്ധികളും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

2020 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 29 ശതമാനം വിപണി വിഹിതമാണ് ഷാവോമി രേഖപ്പെടുത്തിയിരുന്നത് എന്ന് കൗണ്ടർ പോയിന്റ് റിസർച്ച് പറന്നുയു.എന്നാൽ അതിന് ശേഷം ഗ്രാഫ് പതിയെ താഴാൻ തുടങ്ങി. 2021 നാലാം പാദമായപ്പോഴേക്കും അത് 21 ശതമാനമായി മാറിയെന്ന് കനാലിസ് എന്ന വിപണി ഗവേഷണ സ്ഥാപനം പുറത്തുവിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. അതായത് 8 ശതമാനം ഇടിവ്

വിപണി വിഹിതത്തിൽ ഇടിവുണ്ടായെങ്കിലും ഇന്ത്യൻ വിപണിയിലെ ആധിപത്യം നിലനിർത്താൻ ഷാവോമിയ്ക്ക് സാധിച്ചു. 93 ലക്ഷം യൂണിറ്റുകളാണ് 2021 നാലാം പാദത്തിൽ കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്.സ്മാർട്ഫോൺ നിർമാണത്തിനാവശ്യമായ അനുബന്ധ ഘടകങ്ങൾക്ക് ആഗോള തലത്തിൽ നേരിടുന്ന ക്ഷാമം ഷാവോമിയേയും ബാധിച്ചിട്ടുണ്ട്

ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ചില ബ്രാൻഡുകൾ ചൈനീസ് ചിപ്പ് നിർമാതാക്കളായ യുണിസോകിന്റെ പ്രൊസസർ ചിപ്പുകൾ ഉപയോഗിച്ച് എൻട്രി ലെവൽ സ്മാർട്ഫോണുകൾ വിപണിയിലിറക്കിയിരുന്നു. എന്നാൽ വിതരണത്തിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം ഷാവോമിയ്ക്ക് ഇതിന് സാധിച്ചില്ല. 2021 ൽ പുറത്തിറങ്ങിയ 6000 രൂപയിൽ താഴെ വിലയുള്ള പത്ത് ഫോണുകളിൽ രണ്ടും യുണിസോക് പ്രൊസസർ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാർക്ക് പറയുന്നു.

അതേസമയം പ്രീമിയം വിഭാഗത്തിൽ നേട്ടമുണ്ടാക്കാനും പുതിയ പ്രീമിയം ഫോണുകൾ രംഗത്തിറക്കാവനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021 ൽ ആപ്പിൾ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയായി വർധിപ്പിച്ചിരുന്നു. 2021 ൽ മാത്രം 54 ലക്ഷം ഐഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ 22 ലക്ഷം ഐഫോണുകൾ വിറ്റഴിച്ചത് ഉത്സവകാലമായ നാലാം പാദത്തിലാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights