ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതാ പരിശോധനക്കുള്ള മാനദണ്ഡമായിരുന്ന യോയോ ടെസ്റ്റ് (Yo-Yo Test) തിരികെ കൊണ്ട് വരാൻ ബിസിസിഐ (BCCI) തീരുമാനം. ടീമിൽ തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർ യോയോ ടെസ്റ്റ് കൂടി പാസ്സായാൽ മാത്രമേ മത്സരത്തിൽ കളിക്കാൻ യോഗ്യരാവുകയുള്ളൂ. യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ (DEXA Scan) എന്ന പുതിയൊരു മാനദണ്ഡം കൂടി ഇപ്പോൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്.യോയോ ടെസ്റ്റ് എന്നത് ഇന്ത്യൻ ക്രിക്കറ്റർമാരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വർഷം മുമ്പ് വരെ യോയോ ടെസ്റ്റിൽ മികച്ച സ്കോർ നേടുകയെന്നത് ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡം ആയിരുന്നു. യോയോ ടെസ്റ്റ് പാസ്സാകാത്തവർ ഫിറ്റ്നസ് ശരിയാക്കി വീണ്ടും ടെസ്റ്റ് പാസ്സായാൽ മാത്രമേ ഉൾപ്പെടുത്താറുള്ളൂ.
ഇപ്പോഴിതാ യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ എന്ന പുതിയ കടമ്പ കൂടി കടന്നാൽ മാത്രമേ കളിക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. ശരീരത്തിലെ എല്ലുകളുടെ ശക്തി പരിശോധിക്കുന്നതിന് വേണ്ടി എക്സ്-റേ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഒരു സ്കാനിങ്ങാണ് ഡെക്സ സ്കാൻ എന്ന് പറയുന്നത്. എല്ലിനുള്ള ഒടിവോ ചതവോ ഇതിൽ പെട്ടെന്ന് മനസ്സിലാവും. ചെറിയ തരത്തിലുള്ള എല്ല് പൊട്ടലിൻെറയും മറ്റും തുടക്കവും ഈ സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും. എല്ലിൻെറ സാന്ദ്രതയും കട്ടിയുമൊക്കെ ഈ സാങ്കേതിക വിദ്യ വഴി പരിശോധിച്ച് ഉറപ്പിക്കാൻ സാധിക്കും.കഴിഞ്ഞ വർഷത്തെ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബിസിസിഐയുടെ അവലോകനയോഗം നടന്നു. മുംബൈയിൽ നടന്ന യോഗത്തിൽ ബിസിസിഐ പ്രസിഡൻറ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ, ചീഫ് സെലക്ടർ ചേതൻ ശർമ എന്നിവർ പങ്കെടുത്തു.