ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആദ്യ നൈറ്റ് റേസിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ആദ്യ ടിക്കറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെയാണ് മത്സരം നടക്കുക. ആഗോള മോട്ടോർസ്പോർട്സ് രംഗത്ത് ചെന്നൈയെ ഒരു പ്രധാന കേന്ദ്രമാക്കി ഉയർത്തുകയാണ് നൈറ്റ് റേസിന്റെ ലക്ഷ്യം. റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി റേസിംഗ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സർക്യൂട്ട് നൈറ്റ് റേസിന് നേതൃത്വം നൽകുന്നത്. അതേസമയം പൊതുജനങ്ങളുടെ പണം സർക്കാർ ധൂർത്തിനായി ഉപയോഗിക്കുകയാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ആരോപിച്ചു.
പൊതുഫണ്ടുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കണമെന്നും കായികമേളയുടെ മറവിൽ അനാവശ്യ ചെലവുകൾക്കായി ഉപയോഗിക്കരുതെന്നും എടപ്പാടി പറഞ്ഞു. 42 കോടി രൂപയാണ് മത്സരത്തിനായി സർക്കാർ ചെലവഴിക്കുന്നതെന്ന് പ്രതിപക്ഷംആരോപിച്ചു.
ആളുകൾ മറ്റ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സമയത്താണ് ഡിഎംകെ സർക്കാർ കാർ റേസ് നടത്തുന്നതെന്ന് എടപ്പാടി ആരോപിച്ചു. ഒപ്പം ജയലളിത സർക്കാരിന് കീഴിൽ 1990ൽ ഇരുങ്ങാട്ടുകോട്ടയിൽ നിർമിച്ച ഒരു റേസിംഗ് ട്രാക്ക് നിലവിലുള്ളപ്പോഴാണ് നഗര മധ്യത്തിൽ സർക്കാർ ട്രാക്കുകൾ നിർമ്മിക്കുന്നതെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആശുപത്രികൾക്ക് സമീപമാണ് ഇത് നടക്കുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
എന്നാൽ സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന പദ്ധതിയാണിതെന്നും കൂടാതെ ഐപിഎൽ മാതൃകയിൽ ലഭിക്കുന്ന വരുമാനം പങ്കിടാൻ പരിപാടിയുടെ സ്വകാര്യ സംഘാടകരുമായി തങ്ങൾക്ക് ധാരണയായിട്ടുണ്ടെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു. ഒപ്പം പരസ്യങ്ങളിലൂടെയും, ഒടിടി സ്ട്രീമിങ് വഴിയും സർക്കാർ ഖജനാവിലേക്ക് വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും ഡിഎംകെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. റോഡുകളുടെ നിർമ്മാണത്തിനും മറ്റുമായി 30 കോടി രൂപയാണ് ഡിഎംകെ സർക്കാർ ഇതുവരെ ചെലവിട്ടത്. പരിപാടി നടത്തുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എഐഎഡിഎംകെ ചീഫ് സെക്രട്ടറി ശിവ ദാസ് മീനയ്ക്ക് ജൂലൈയിൽ കത്തയച്ചിരുന്നു. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന റേസിംഗ് 2023 ലെ മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റി വച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി റേസിംഗ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചുവെങ്കിലും നൈറ്റ് റേസ് നടത്താൻ കോടതി അനുവാദം നൽകി.