‘നോർത്ത് ഈസ്റ്റ് ഡിസ്‌കവറി: ബിയോണ്ട് ഗുവാഹത്തി’ എന്ന തീമിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഏറ്റവും പുതിയ ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിൻ മാർച്ച് 21-ന് ഇന്ത്യൻ റെയിൽവേ ഉദ്ഘാടനം ചെയ്തിരുന്നു. അസമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിലായി 15 ദിവസത്തെ ട്രെയിൻ യാത്രയാണ് ഈ ഭാരത് ഗൗരവ് ടൂർ പാക്കേജിലുള്ളത്. ഈ പാക്കേജിൽ കാസിരംഗയിലെ രാത്രി താമസവും കാസിരംഗ നാഷണൽ പാർക്കിലെ ജംഗിൾ സഫാരിയും ഉൾപ്പെടുന്നുണ്ട്.
രണ്ട് ഫൈൻ ഡൈനിംഗ് റെസ്‌റ്റോറന്റുകൾ, ഒരു മിനി ലൈബ്രറി, കോച്ചുകളിലെ ഷവർ ക്യുബിക്കിളുകൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജിന് എസി സെക്കന്റ് ക്ലാസിന് ഒരാൾക്ക് 1.06 ലക്ഷം രൂപയാണ് ചെലവ്. ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച തീം അടിസ്ഥാനമാക്കിയുള്ള ഭാരത് ഗൗരവ് ട്രെയിനുകൾക്ക് കീഴിലുള്ള ഏറ്റവും പുതിയ പാക്കേജാണിത്.
എന്താണ് ഭാരത് ഗൗരവ് പദ്ധതി?
‘ദേഖോ അപ്നാ ദേശ്’ പ്രോഗ്രാമിന് കീഴിൽ 2021 നവംബർ മാസമാണ് കേന്ദ്രസർക്കാർ ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂർ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഭാരത് ഗൗരവ് ട്രെയിനുകളിലെ ടൂർ പാക്കേജിൽ ഓഫ് ബോർഡ് യാത്രകൾ, ബസുകളിലെ ഉല്ലാസയാത്രകൾ, ഹോട്ടൽ സ്റ്റേകൾ, ടൂർ ഗൈഡുകൾ, ഭക്ഷണം, യാത്രാ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും ഡോക്ടർ ഓൺ-ബോർഡ് പോലെയുള്ള അനുബന്ധ ഓൺബോർഡ് സേവനങ്ങളും ഉൾപ്പെടുന്നു. യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ തന്നെയാണ് അവസാനിക്കുന്നതും. ഇതിനിടെ, വിവിധ ഓൺബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകളും ഉണ്ടാകും.
ഭാരത് ഗൗരവ് ടൂർ പദ്ധതിക്കു കീഴിൽ ടൂർ ഓപ്പറേറ്റർമാർക്കും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും ഇന്ത്യൻ റെയിൽവേയിൽ നിന്ന് ട്രെയിനുകൾ വാടകക്ക് വാങ്ങാനും ഏത് സർക്യൂട്ടിലും പ്രവർത്തിപ്പിക്കാനും കഴിയും. യാത്ര, റൂട്ട്, താരിഫ് എന്നിവ തീരുമാനിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികൾക്ക് ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെ കർണാടക സർക്കാർ കാശി, പുരി, ദ്വാരക എന്നിവ ഉൾപ്പെടുന്ന ‘കർണാടക ഭാരത് ഗൗരവ് കാശി ദർശൻ’ എന്ന ടൂർ പാക്കേജ് ആരംഭിച്ചിരുന്നു. എട്ട് ദിവസത്തെ റൗണ്ട് ട്രിപ്പിന് 15,000 മുതലാണ് പാക്കേജ്. ‘കർണാടക ഭാരത് ഗൗരവ് കാശി ദർശൻ’ പദ്ധതിക്കു കീഴിലുള്ള അടുത്ത ടൂർ പാക്കേജ് ഏപ്രിൽ 14 മുതൽ ഏപ്രിൽ 28 വരെയാണ്.