മാസ്ക് വച്ചും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്, ഐഒഎസ് 15.4 ബീറ്റായിൽ മാസ്ക് വച്ചിരിക്കുമ്പോഴും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഒഎസ് താമസിയാതെ അപ്ഡേറ്റായി എല്ലാ ഉപയോക്താക്കൾക്കും ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാസ്ക് ധരിച്ച് ഫെയ്സ്ഐഡി ഉപയോഗിച്ച് ഫോൺ അൺലോക് ചെയ്യാൻ ശ്രമിക്കുമ്പോൾ താഴേക്കു നോക്കാൻ പറഞ്ഞ് (Look Down) കമാൻഡ് വരുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും ഫോൺ ഉപയോഗിക്കുന്ന വ്യക്തി കണ്ണിനേക്കാൾ താഴ്ത്തിയാണ് ഫോൺ പിടിച്ചിരിക്കുന്നതെങ്കിലാണ് ഈ കമാൻഡ് വരിക.
• 37 പുതിയ ഇമോജികൾ
ഐഫോൺ ഉടമകൾക്ക് 37 പുതിയ ഇമോജികളും 75 സ്കിൻ ടോൺ അഡിഷൻസും ഐഒഎസ് 15.4ൽ ലഭിച്ചേക്കുമെന്ന് പറയുന്നു. കൂടാതെ, ഷെയർപ്ലേ ഓപ്ഷൻ ഷെയർ മെന്യുവിൽ കാണിച്ചു തുടങ്ങിയേക്കും. സിനിമകളും ടിവി ഷോകളും സംഗീതവും മറ്റു മീഡിയയും ഫെയ്സ്ടൈം ഉപയോഗിച്ച് കൂട്ടുകാരുമൊത്ത് ഷെയർ ചെയ്തു കാണുന്ന ഫീച്ചറാണ് ഷെയർ. ഗ്രൂപ്പിലുള്ള ആരെങ്കിലും ഒരു മീഡിയ പ്ലേ ചെയ്യുമ്പോൾ അത് ഗ്രൂപ്പിലുളള എല്ലാവർക്കും ലഭ്യമാകും.
• ആപ്പിളിന് നിയമം അനുസരിക്കാൻ ഇഷ്ടമല്ലെന്ന് ആരോപണം
ആപ്പിൾ കമ്പനിക്ക് പിഴയടയ്ക്കാനാണ് താത്പര്യം, അല്ലാതെ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നിരിക്കുന്ന ആന്റിട്രസ്റ്റ് നിയമങ്ങൾ പാലിക്കാൻ അവർ തയാറല്ലെന്ന് യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് മേധാവി മാർഗരതെ വെയർ ആരോപിച്ചു. നിയമങ്ങളെ വളഞ്ഞ വഴിയിൽ മറികടക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഡിജിറ്റൽ ചീഫും കൂടിയായ അവർ പറഞ്ഞു.
• ഗൂഗിൾ ഹാങ് ഔട്ട്സിനു പകരം ഗൂഗിൾ ചാറ്റ്
ഗൂഗിൾ വർക്ക്സ് ഉപയോഗിക്കുന്നവർക്ക് ഇനി ഗൂഗിൾ ഹാങ്ഔട്ട്സിനു പകരം ഗൂഗിൾ ചാറ്റ് ആയിരിക്കും മാർച്ച് മുതൽ ലഭിക്കുക എന്ന് കമ്പനി അറിയിച്ചു. മാർച്ച് 22 മുതൽ ഗൂഗിൾ ചാറ്റ് ആയിരിക്കും ഡീഫോൾട്ട് ചാറ്റ് ആപ്. അതിനു ശേഷം ആരെങ്കിലും വെബിലുള്ള ജിമെയിലിൽ ഹാങ്ഔട്ട് ഉപയോഗിക്കാൻ ശ്രമിച്ചാൽ അവരെയും ഗൂഗിൾ ചാറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി പറയുന്നു.
• 20w യുഎസ്ബി സി ചാർജറുമായി ആങ്കർ
വിവിധ ഫോണുകൾക്കൊപ്പം ഉപയോഗിക്കാവുന്ന യുഎസ്ബി സി ചാർജർ അവതരിപ്പിച്ചിരിക്കുകയാണ് ആങ്കർ കമ്പനി. പവർപോർട്ട്-III എന്നു പേരിട്ടിരിക്കുന്ന ചാർജറിന് 1,499 രൂപയാണ് എംആർപി. ആമസോണിൽ ഇപ്പോൾ ഇത് 1,299 രൂപയ്ക്കു വാങ്ങാം. ചാർജറിന് 18 മാസത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്. വിവിധ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇതു നിർമിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.