‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര

മലപ്പുറം: താനൂരില്‍ ഓടുമ്പ്രം തൂവല്‍ത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് നടത്തിയത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്രനടത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബോട്ട് യാത്രനടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

അനുവദിച്ച സമയം കഴിഞ്ഞും ബോട്ട് യാത്ര തുടര്‍ന്നു. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടുണ്ട്. ‘ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും’ എന്നാണ് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.