ഐപിഎല്ലിന്‍റെ ആദ്യ വാരാന്ത്യത്തില്‍ 147 കോടി കാഴ്ചക്കാരുമായി ജിയോ സിനിമ

ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ജിയോ സിനിമ. ഐപിഎല്‍ 2023 സീസണിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ടണറായ ജിയോ സിനിമ ആദ്യ വാരാന്ത്യത്തില്‍ തന്നെ 147 കോടിയിലധികം കാഴ്ചക്കാരെ നേടിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് ജിയോ സിനിമ സ്വന്തമാക്കിയത്. 2022ലെ ഐസിസി ട്വന്‍റി20 ലോകകപ്പ് സ്ട്രീമിങ്ങിനെക്കാള്‍ കൂടുതലാണിത്.

ജിയോ സിനിമയുടെ ആരാധക കേന്ദ്രീകൃത അവതരണത്തിലൂടെ ഒരോ മത്സരത്തിലും ഒരു കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന ശരാശരി സമയം 57 മിനിറ്റാണ്. ഇത് കൂടുതല്‍ കാഴ്ചക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കളി കാണാന്‍ ആകര്‍ഷിക്കുന്നു. കഴിഞ്ഞ സീസണിലെ ആദ്യ വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മത്സരത്തിനും കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന സമയം 60% വര്‍ധിച്ചതായി കാണാം. ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ ഐപിഎല്ലിന്‍റെ ചരിത്രത്തിലെ എക്കാത്തെയും ഉയര്‍ന്ന ആദ്യ വാരാന്ത്യ കണക്കാണിത്.

“ഈ കണക്കുകൾ അസാധാരണവും രാജ്യത്തുടനീളം വ്യാപിക്കുന്ന ഡിജിറ്റൽ വിപ്ലവത്തിന്റെ തെളിവുമാണ്. ഡിജിറ്റൽ ടാർഗെറ്റ് ചെയ്യാവുന്നതും അഭിസംബോധന ചെയ്യാവുന്നതും സംവേദനാത്മകവുമാണ്. പരമ്പരാഗത സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡിജിറ്റലിലെ കണക്കുകള്‍, കളി കാണാൻ വരുന്ന ആളുകളുടെ കൃത്യമായ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു ചെറിയ സാമ്പിൾ സെറ്റിൽ നിന്നുള്ള കണക്കിന്‍റെ അടിസ്ഥാനത്തിലല്ല. ഉള്ളടക്ക ഉപഭോഗത്തിന്റെ ലാൻഡ്‌സ്‌കേപ്പ് മാറ്റാനാകാത്തവിധം ഡിജിറ്റലിലേക്ക് നീങ്ങി, ഈ ആഴ്ച ജിയോസിനിമ പ്രകടനം അതിന്റെ ഏറ്റവും വലിയ തെളിവാണ്, ”വയാകോം 18 സിഇഒ അനിൽ ജയരാജ് പറഞ്ഞു.

ഭോജ്പുരി, പഞ്ചാബി, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ലൈവ് കമ്ന‍റി കേള്‍ക്കാന്‍ കഴിയുന്നതിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ കൂടുതല്‍ പേരിലെക്ക് എത്തിക്കാന്‍ കഴിഞ്ഞു. ടാറ്റാ ഐപിഎല്‍ ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന സ്പോണ്‍സര്‍മാരോടും പരസ്യദാതാക്കളോടും നന്ദി പറയുന്നു എന്ന് ജിയോ സിനിമ അധികൃതര്‍ അറിയിച്ചു.

ഹാര്‍ദിക് പാണ്ഡ്യയും ധോണിയും നേര്‍ക്കുനേര്‍ പോരാടിയ ചെന്നൈ-ഗുജറാത്ത് ആദ്യ മത്സരം 1.6 കോടി കാഴ്ചക്കാരെന്ന നേട്ടമാണ് ജിയോ സിനിമയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2.5 കോടിയിലധികം രജിസ്ട്രേഷനും ആപ്പിന് ലഭിച്ചു. ഒരു ദിവസം തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് എന്ന റെക്കോര്‍ഡാണ് ഇതിലൂടെ ജിയോ സിനിമയ്ക്ക് ലഭിച്ചത്.

Verified by MonsterInsights