IRCTC ക്ക് പുതിയ സൂപ്പർ ആപ്പ് ഒരുങ്ങുന്നു. 2025ൽ പുതിയ ആപ്പ് പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. നിലവിൽ ട്രെയിൻ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പിലെ പ്രശ്‌നങ്ങൾ ഒഴിവാക്കി ആധുനിക സംവിധാനത്തോടെയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ആപ്പ് വഴി ഉപയോക്താക്കൾക്ക് ഒന്നിലധികം സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ട്രെയിൻ ടിക്കറ്റുകൾക്ക് പുറമെ പ്ലാറ്റ്‌ഫോം ടിക്കറ്റും ട്രെയിനുകളുടെ സമയക്രമവും ഈ ആപ്പിലൂടെ അറിയാം. സന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) ആണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ട്രെയിനിലെ കാറ്ററിംഗ് സംവിധാനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട് ഹോട്ടൽ, ഹോം സ്റ്റേ ബുക്കിങിനും ആപ്പ് സഹായകരമാവും. നിലവിൽ ഉള്ള IRCTC ആപ്പിലും വെബ്‌സൈറ്റിലും റെയിൽ കണക്ട്, ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, റെയിൽവേ സഹായം, നാഷണൽ ട്രെയിൻ എൻക്വയറി തുടങ്ങിയ സംവിധാനങ്ങളുണ്ട്.
ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവകാശം നിലവിൽ IRCTC റെയിൽ കണക്ടിനാണ് ഉള്ളത്. 10 കോടിയിലധികം ആളുകളാണ് നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ആപ്പ് വഴി ഇതിനോടകം ഏകദേശം 4270 കോടി രൂപയുടെ വരുമാനമാണ് റെയിൽവേയ്ക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ആപ്പ് വരുന്നതോടെ ഈ വരുമാനം കൂട്ടാൻ സാധിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്.
ഐആർസിടിസിയുടെ 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 1,111.26 കോടി രൂപ അറ്റാദായവും 4,270.18 കോടി രൂപ വരുമാനവും റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഏകദേശം മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിങിൽ നിന്നാണ്.
നിലവിൽ ടിക്കറ്റ് ഇടപാടുകൾക്കായി ഐആർസിടിസി റെയിൽ കണക്റ്റ്, ഐആർസിടിസി ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്കിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്ക് യുടിഎസ്, ട്രെയിൻ ട്രാക്കിംഗിനായി നാഷണൽ ട്രെയിൻ അന്വേഷണ സംവിധാനം എന്നിങ്ങനെ വിവിധ റെയിൽവേ സേവനങ്ങൾക്കായി വിവിധ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളുമാണ് ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്.