എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ കളക്ടറുടെയും സജ്ജീവ ഇടപെടലുള്ളതിനാല്‍ ഇവിടെ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടെന്ന് പദ്ധതി സംബന്ധിച്ച ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 1,35,866 പേര്‍ക്ക് ശുദ്ധജലമെത്തിക്കാനാണ് ഇനി ബാക്കിയുള്ളത്. ആകെ ലക്ഷ്യമായ 1,91,308 ഗ്രാമീണ വീടുകളില്‍ 71.02 ശതമാനമാണിത്. പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള 42,839 ഉള്‍പ്പെടെ 55,442 പേര്‍ക്ക് കണക്ഷന്‍ നല്‍കി. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 57,569 കണക്ഷനും മാനന്തവാടി 36,762 കണക്ഷനും ബത്തേരിയില്‍ 41,535 കണക്ഷനുമാണ് ഇനി നല്‍കാനുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലയില്‍ 12.63 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളതായും എല്ലാ പ്രവൃത്തികളുടെയും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്ത് പരിധികളിലെയും ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അടുത്ത മാസം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യും. ജനുവരിയില്‍ സംസ്ഥാനതലത്തില്‍ മിഷന്‍ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
ഓരോ മണ്ഡലത്തിലെയും പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. പമ്പ്‌സെറ്റ്, ടാങ്ക് എന്നിവയ്ക്ക് സ്ഥലം ലഭ്യമാക്കല്‍, റോഡ് കട്ടിംഗ് അനുമതി, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഉള്‍പ്പെടെയുള്ളവയുടെ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയവ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ. ഷാജു, കെ.ഡബ്ല്യു.എ ബോര്‍ഡ് മെമ്പര്‍ ഏഡേവ. ജേസ് ജോസഫ്, വാട്ടര്‍ അതോറിറ്റി നോര്‍ത്തേണ്‍ റീജിയന്‍ ചീഫ് എഞ്ചിനീയര്‍ എസ്. ലീനകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.