ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങൾ അറിയാം

പുതുവത്സരദിനംമുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലുംമറ്റും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. പ്രധാനപ്പെട്ടവ ചുവടെ ;

 > എ.ടി.എം. : അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ.

 > വാഹനവില കൂടും : കാർ, ഇരുചക്ര വാഹനനിർമാതാക്കളിൽ മിക്കവരും വില കൂട്ടുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് (രണ്ടരശതമാനം വരെ), ടൊയോട്ട, ഹോണ്ട, സ്കോഡ, റെനോ, ഫോക്സ്വാഗൻ (രണ്ടുശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയിൽ), സിട്രൺ (മൂന്നുശതമാനം), മെഴ്സിഡീസ് ബെൻസ് (രണ്ടുശതമാനം), ഔഡി (മൂന്നുശതമാനം), ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ് (2000 രൂപ വരെ), ഡ്യുകാട്ടി, കാവസാക്കി തുടങ്ങിയ കമ്പനികൾ വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

 > ജി.എസ്.ടി.യിൽ മാറ്റം : ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി.കൂടി ഈടാക്കും. നേരത്തേ ഇത് കാറുകൾക്കുമാത്രമായിരുന്നു.ജി.എസ്.ടി.യിൽ പുതിയ രജിസ്ട്രേഷനും റദ്ദാക്കിയത് പുനഃസ്ഥാപിക്കാനും റീഫണ്ടിന് അപേക്ഷിക്കാനും ആധാർ നിർബന്ധം. ജി.എസ്.ടി.യിൽ വെളിപ്പെടുത്തിയ വില്പനപ്രകാരമുള്ള നികുതി അടച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം.

 > ഐ.പി.പി.ബി.യിൽ ഫീസ് : ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ശാഖകളിൽ (ഐ.പി.ബി.ബി.) പണം കറൻസിയായി നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോൾ മാസം നാലിടപാട് സൗജന്യമായി തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും ഇടപാടു തുകയുടെ അരശതമാനം വരുന്ന തുക ഫീസായി നൽകണം. ഈടാക്കുന്ന കുറഞ്ഞ ഫീസ് 25 രൂപയായിരിക്കും.

 > ഓൺലൈൻ ഭക്ഷണം : ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി. നൽകണം. നേരത്തേ ഹോട്ടലുകളിൽനിന്ന് ഈടാക്കിയിരുന്ന നികുതി ഉപഭോക്താക്കളിലേക്കുമാറ്റുകയാണ്. ഇതിനുപുറമേ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടിവരും.

 > ബാങ്ക് ലോക്കർ : തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല. മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാം.

 > റിട്ടേൺ വൈകിയാൽ : സമയപരിധി കഴിഞ്ഞ് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈടാക്കുന്ന പിഴ മുൻവർഷത്തെ 10,000 രൂപയിൽനിന്ന് 5,000 ആക്കി. വരുമാനം നികുതിവിധേയ പരിധിക്കു താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights