ജപ്പാനിൽ കുഞ്ഞുങ്ങൾക്ക് ജോലി, ശമ്പളം നാപ്കിനും പാലും.

ലോകത്തിന് മുൻപിൽ പുത്തൻ ആശയങ്ങളുമായി പലപ്പോഴും കൗതുകം സൃഷ്ടിക്കുന്നവരാണ് ജപ്പാൻകാർ. ഇപ്പോഴിതാ മറ്റൊരു പുതിയ ആശയത്തിലൂടെ ലോകത്തെ ചിന്തിപ്പിക്കുകയും കേൾക്കുന്നവരിൽ കൗതുകം നിറയ്ക്കുകയും ചെയ്യുകയാണ് വീണ്ടുമവർ. കുട്ടികൾക്ക് മുൻപിലേയ്ക്കാണ് പുതിയ ജോലി വാഗ്ദാനവുമായി അധികാരികൾ എത്തിയിരിക്കുന്നത്.

സതേൺ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാലുവയസ്സുവരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നത്. ഇനി അവരുടെ ജോലി എന്താണന്നല്ലേ. നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിക്കണം. കളിച്ചും ചിരിച്ചും അവരെ രസിപ്പിക്കണം. അങ്ങനെ കമ്പനി ഒക്കെ കൊടുത്തിരുന്നാൽ മാത്രം മതി. ജോലിയ്ക്ക് ശമ്പളവും ഉണ്ട് കേട്ടോ. എന്താണെന്നോ നാപ്കിനും പാൽപ്പൊടിയും.

സാധാരണ കുട്ടികൾ നമുക്ക് പണിതരാറാണ് പതിവ്. എന്നാൽ, ജപ്പാൻകാർ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. കുട്ടികൾക്ക് പണികൊടുക്കാനാണ് ഇവരുടെ തീരുമാനം. പണിയെന്ന് കേട്ട് തമാശയാണെന്ന് തെറ്റിദ്ധരിക്കേണ്ട. നല്ലൊന്നാന്തരം ജോലിയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോലിയ്ക്ക് ശമ്പളവുമുണ്ട്. എന്താണെന്നോ? പാലും നാപ്കിനും തന്നെ. 30 ഓളം കുഞ്ഞുങ്ങൾ ഇപ്പോൾ തന്നെ ജോലിക്കാരായി കഴിഞ്ഞു. ഏതായാലും ജോലിയുടെ പരസ്യം കണ്ട് മുപ്പത് കുട്ടികളുടെ മാതാപിതാക്കളാണ് തയാറായി ഇതുവരെ വന്നിട്ടുള്ളത്. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികൾ നഴ്സിംഗ് ഹോമിൽ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാർക്ക് നിൽക്കാം.

കുട്ടികൾ അവരുടെ മൂഡിന് അനുസരിച്ച് മാത്രം ജോലി ചെയ്താൽ മതിയാകും. വിശക്കുമ്പോൾ ഭക്ഷണം കഴിയ്ക്കാം ഉറക്കം വരുമ്പോൾ ഉറങ്ങാം. അങ്ങനെ അവരുടെ ഇഷ്ടാനുസരണം എല്ലാം ചെയ്യാം. ഇതിനിടയിലെ സമയങ്ങളിൽ മാത്രം അന്തേവാസികൾക്കൊപ്പം ചിലവഴിച്ചാൽ മതിയാകും. ഒരു പാർക്കിൽ വരുന്നതുപോലെ വന്നു പോകാം എന്നാണ് നഴ്സിങ്ങ് ഹോം അധികൃതർ പറയുന്നത്.

ഏതായാലും നഴ്സിങ്ങ് ഹോമിലെ അന്തേവാസികൾക്ക് കുട്ടികളുമൊത്തുള്ള ഈ കമ്പനി നല്ലതുപോലെ ഇഷ്ടപ്പെട്ടു കഴിഞ്ഞു. പലരിലും നല്ല മാറ്റം കണുന്നതായാണ് അധികൃതർ പറയുന്നത്. ഏതായാലും സംഗതി കൊള്ളാമല്ലേ.

Verified by MonsterInsights