ഇന്ത്യയിലെ ജീവകാരുണ്യ സംഭാവന പട്ടികയിൽ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നായ മുകേഷ് അംബാനി രണ്ടാമൻ. ശിവ് നാടാറും കുടുംബവുമാണ് അംബാനിയെ പിന്തള്ളി ഒന്നാമതുള്ളത്. വ്യാഴാഴ്ചയാണ് ഹുറുൺ ഇന്ത്യ ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യസ്നേഹികളുടെ പട്ടിക പുറത്ത് വിട്ടത്. 2,153 കോടി രൂപ ജീവകാരുണ്യ സംഭാവന നൽകിയാണ് ശിവ് നാടാറും കുടുംബവും ഈ വർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ സംഭാവനയായി നൽകിയത്.
പട്ടികയിലെ ആദ്യത്തെ 10 വ്യക്തികൾ 2024 സാമ്പത്തിക വർഷത്തിൽ RS 4,625 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന ചെയ്തത്. ഇത് പട്ടികയിലെ മൊത്തം സംഭാവനയുടെ 53% വരും. ജീവകാരുണ്യ സംഭാവനയുടെ ആദ്യ പത്തിൽ ഇടംപിടിച്ചവരിൽ ആറ് പേർ തങ്ങളുടെ ജീവകാരുണ്യ സംഭാവനകൾ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് കേന്ദ്രീകരിച്ചത്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബജാജ് കുടുംബം മൂന്ന് റാങ്കുകൾ കയറി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തത്തി. 352 കോടി രൂപയാണ് ബജാജ് കുടുംബത്തിൻ്റെ സംഭാവന.
അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് 62 കാരനായ ഗൗതം അദാനിയും കുടുംബവും 330 കോടി രൂപയാണ് ജീവകാരുണ്യ സംഭാവന നൽകിയത്. അദാനി കുടുബം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മുൻവർഷത്തേക്കാൾ 16% വർധനയാണ് ഇവരുടെ ജീവകാരുണ്യ സംഭാവനയിൽ ഉണ്ടായിരിക്കുന്നത്. അദാനി ഫൗണ്ടേഷനിലൂടെയാണ് ഇവരുടെ ജീവകാരുണ്യ സംഭാവനകൾ പ്രാഥമികമായി വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയക്കാണ് അദാനി ഗ്രൂപ്പ് സംഭാവനയുടെ പ്രഥമപരിഗണന നൽകിയിരിക്കുന്നത്. നൈപുണ്യ വികസനത്തിലും കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകളിലുമാണ് അദാനി ഗ്രൂപ്പിൻ്റെ പിന്നീടുള്ള പരിഗണനകൾ.