കാട്ടാന ആക്രമണത്തില്‍ എട്ട് വര്‍ഷത്തിനിടെ പൊലിഞ്ഞത് 3,930 ജീവനുകള്‍

രാജ്യത്ത് 2014-2022 കാലയളവില്‍ 3,930 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. എട്ട് വര്‍ഷത്തിനിടെ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 719 ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒഡീഷയില്‍ മാത്രം പൊലിഞ്ഞത്. കേരളത്തില്‍ 158 മരണങ്ങളാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. മലയാളി വിവരാവകാശ പ്രചാരകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണ് കേന്ദ്രം ഈ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യം തുടര്‍ച്ചയായ ലോക്ക്ഡൗണുകള്‍ നേരിടുന്ന 2021-2022 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021-22ല്‍ 533 മരണങ്ങളും 2020-21ല്‍ 461 പേരും 2017-18ല്‍ 506 പേരും 2016-17ല്‍ 516 പേരും മരിച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഒഡീഷ കഴിഞ്ഞാല്‍ പശ്ചിമ ബംഗാളിലാണ് കൂടുതല്‍ പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇവിടെ 643 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജാര്‍ഖണ്ഡ് (640), അസം (561), ഛത്തീസ്ഗഡ് (477), തമിഴ്‌നാട് (371), കര്‍ണാടക (252) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി. വന്യജീവികളെയും ബാധിക്കുന്നതിനാല്‍ ഈ പ്രവണത അപകടകരമാണെന്ന് ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയും മനുഷ്യ-മൃഗ സംഘര്‍ഷത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്താല്‍ വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാനാകും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് സമീപമുള്ള കൃഷിയിടങ്ങള്‍ വര്‍ധിക്കുന്നത് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Verified by MonsterInsights