കല്യാണം കഴിക്കുന്നില്ലേ’ എന്ന ചോദ്യവുമായി എത്തുന്നവര്‍ക്ക് കൊടുക്കാന്‍ ‘സ്പൈസി ടീ’

മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറി ചോദ്യങ്ങൾ ചോദിക്കുന്നവർ നിരവധിയാണ്. ജോലി, വിവാഹം, കുട്ടികൾ ഇത്തരം കാര്യങ്ങൾ ഓരോ വ്യക്തിയുടേയും സ്വകാര്യതയാണ്. എന്നാൽ സ്വകാര്യതയുടെ അതിര്‍ത്തികളൊന്നും അംഗീകരിക്കപ്പെടാറോ, ആദരിക്കപ്പെടാറോ ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് പലപ്പോഴും വ്യക്തികള്‍ക്ക് ശല്യമാകുംവിധം മറ്റുള്ളവര്‍ വിവാഹക്കാര്യം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്.

ഒരു പ്രായം കടന്നിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ സാധാരണമാണ്.ഇപ്പോഴിതാ ഇത്തരത്തില്‍ ‘കല്യാണം കഴിക്കുന്നില്ലേ’ എന്ന അന്വേഷണവുമായി എത്തുന്നവര്‍ക്ക് കൊടുക്കാനൊരു ‘പണി’ എന്ന രീതിയില്‍ ചെയ്തിരിക്കുന്നൊരു തമാശ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടുന്നത്.

ഭാവന അറോറ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിക്കവരും ഇത് ‘നല്ലൊരു തീരുമാനം’ ആയിരിക്കുമെന്ന് തന്നെയാണ് തമാശരൂപത്തില്‍ കമന്‍റ് ചെയ്യുന്നത്. ഒരു പാത്രത്തില്‍ നിറയെ പാല്‍ നിറച്ച്- ഇത് അടുപ്പില്‍ വച്ച് ചൂടാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ മുഴുവനും ചുവന്ന മുളകും ചേര്‍ത്തിരിക്കുന്നു.  ധാരളം മുളക് ചേര്‍ത്ത് തിളപ്പിച്ചതിനാല്‍ തന്നെ പാലിന് ചെറിയ രീതിയിലൊരു ചുവന്ന നിറം കിട്ടിയിട്ടുണ്ട്.

കാഴ്ചയ്ക്ക് ഈ പാനീയം ചായയാണെന്ന് തോന്നും. കല്യാണമായില്ലേ എന്ന ചോദ്യവുമായി നിങ്ങളുടെ അടുത്തേക്ക് എത്തുന്നവര്‍ക്ക് ഇത് കലക്കിക്കൊടുക്കാം എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് അധികവും കയ്യടി തന്നെയാണ് കിട്ടുന്നത്.

Verified by MonsterInsights