നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം

*ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു

നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഭക്ഷണ ശീലങ്ങൾ ഋതുക്കൾ, കാർഷികോത്സവങ്ങൾ, വിളവെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. ആ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഒരു വിഭാഗമാണ് ചെറുധാന്യങ്ങൾ. മറ്റേത് വിഭാഗങ്ങളേക്കാൾ പോഷണ ഗുണമുള്ളതാണ് ചെറുധാന്യങ്ങൾ എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലാണ് 2023, ഐക്യരാഷ്ട്രസഭ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുധാന്യങ്ങൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. വിളർച്ച മുക്ത കേരളത്തിനായാണ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് വിവ കേരളം ആവിഷ്‌ക്കരിച്ചത്. വിളർച്ച ഏറ്റവും കുറവ് കേരളത്തിലാണ് എങ്കിലും പൂർണമായും വിളർച്ച മുക്തി നേടുകയാണ് ലക്ഷ്യം. 97,000ത്തോളം പേരെ സ്‌ക്രീൻ ചെയ്തു. ഒരു ശതമാനത്തോളം പേർക്ക് ഗുരുതര രോഗമുള്ളവരാണ്. 21 ശതമാനത്തോളം പേർക്ക് ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ അനീമിയ മുക്തി നേടാനാകും.

വലിയ രീതിയിൽ ഇരുമ്പിന്റെ അംശം ഉൾക്കൊള്ളുന്നതാണ് ചെറു ധാന്യങ്ങൾ. ഹീമോഗ്ലോബിൻ വർധിപ്പിക്കുന്നതിനും പോഷണത്തിനും ചെറുധാന്യത്തിലൂടെ കഴിയും. കൊളസ്ട്രോൾ കുറയ്ക്കാനും ദഹനത്തിന് സഹായിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന് ആവശ്യമുള്ളതും നിലനിൽപ്പിനും ആവശ്യമായ മിക്ക പോഷണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് പരാതി നൽകാനും ആ പരാതിയിൽ നടപടി സ്വീകരിച്ചോ എന്നറിയാനും പരാതിയുള്ള സ്ഥാപനങ്ങളുടെ വീഡിയോകളും ഫോട്ടോകളും അപ് ലോഡ് ചെയ്യാനും സാധിക്കും.

വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ. കെകെ അബ്ദുൾ റഷീദ്, ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ എം.ടി. ബേബിച്ചൻ എന്നിവർ പങ്കെടുത്തു.