കരുത്തുറ്റ തലമുടി നേടാം ഒപ്പം മുഖക്കുരുവും അകറ്റാം​, ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.

മുടി കൊഴിച്ചിലും മുഖക്കുരുവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരം അടുക്കളയിൽ ഉണ്ട്. ചെറിയ കഷ്ണം ഇഞ്ചിക്ക് നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറെ ഗുണങ്ങൾ നൽകാൻ കഴിയും.

ഇഞ്ചി ചേർത്ത് വെള്ളം കുടിക്കുന്നതും ചായ തയ്യാറാക്കുന്നതുമൊക്കെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്ന് അറിയാത്തതായി ആരും ഉണ്ടാകില്ല. ആവശ്യത്തിലേറെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മ സംരക്ഷണത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഇഞ്ചി നിങ്ങളെ സഹായിക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തിന് ഉത്തേജനം നൽകി തലമുടി കൊഴിച്ചിൽ തടയുന്നത്. 

ഇഞ്ചിയും തേനും

ഇഞ്ചി ചതച്ച് നീര് മാത്രം എടുത്ത് അൽപ്പം തേൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി അൽപ്പ സമയത്തിനു ശേഷം കഴുകി കളയാം. മുഖക്കുരുവിനെ തടയാൻ ഗുണകരമാണ് ഈ ഫെയ്സ് പാക്ക്. ഇതിനൊപ്പം അൽപ്പം പഞ്ചസാര കൂടി ചേർത്ത് മൃദുവായി മുഖത്ത് മസാജ് ചെയ്യുന്നത് ചർമ്മത്തിലെ പാടുകൾ കുറച്ചേക്കും. 

ഇഞ്ചിയും വെളിച്ചെണ്ണയും

ഇഞ്ചി ചതച്ച നീര് പ്രത്യേകം ഒരു ബൗളിലേക്കു മാറ്റുക. ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി അൽപ്പ സമയം മസാജ് ചെയ്യാം. ഇരുപത് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം.

ഇഞ്ചിയും ഒലിവ് എണ്ണയും

ഇഞ്ചി ചതച്ചെടുത്തതിൻ്റെ നീരിലേക്ക് അൽപ്പം ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് തലമുടിയിലും തലയോട്ടിയിലും പുരട്ടി മസാജ് ചെയ്യാം. ഇരുപത് മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. 

സവാളയും ഇഞ്ചിയും

ഇടത്തരം വലിപ്പമുള്ള ഒരു സവാള ചെറുതായി അരിഞ്ഞ് അരച്ച് നീര് പിഴിഞ്ഞെടുക്കാം.അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി അര മണിക്കൂർ വിശ്രമിക്കൂ. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം. തലയോട്ടി വരണ്ട് പോകുന്നതും മുടി കൊഴിച്ചിൽ തടയാനും ഇത് ഏറെ ഗുണപ്രദമാണ്.

Verified by MonsterInsights