കാത്തിരുന്ന് കാത്തിരുന്ന് ഒടുവിലെത്തുന്നു; ഐഫോണിൽ ഇനി കോൾ റെക്കോർഡ് ചെയ്യാം!

ലോകമെങ്ങും ഉള്ള ഐഫോൺ ഉപഭോക്താക്കളുടെ ഒരു പരാതി ആപ്പിൾ തീർപ്പാക്കിയിരിക്കുകയാണ്. മോഡലുകൾ ഒരുപാടിറങ്ങിയിട്ടും, മറ്റ് കമ്പനികൾ വർഷങ്ങളായി നടപ്പാക്കിയ ഒരു അടിസ്ഥാന ഫീച്ചറായിട്ടും, ഇതുവരെ ഐഫോണിൽ ഇല്ലാതിരുന്ന ആ ഫീച്ചർ ആപ്പിൾ നടപ്പിലാക്കിയിരിക്കുകയാണ്.

ഇനിമുതൽ ഐഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാം എന്നതാണ് ആ അപ്‌ഡേറ്റ്. വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് ഇത്. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റിൽ കോൾ റെക്കോർഡിങ് ഫീച്ചറുകളുണ്ട്. നേരത്തെ ആപ്പിൾ ഇന്റലിജൻസിൻ്റെ ഭാഗമാണ് കോൾ റെക്കോർഡിങ് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ iOS 18 ഉള്ള എല്ലാ ഫോണുകളിലും ഇപ്പോൾ കോൾ റെക്കോർഡിങ് സൗകര്യമുണ്ടാകും. ഇവ കൂടാതെ ഈ ഫോൺ സംഭാഷണത്തെ ടെക്സ്റ്റായി ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

സംഭാഷണം റെക്കോർഡ് ചെയ്യാൻ ഇനി പറയുന്നതാണ് രീതി. കോൾ കണക്റ്റ് ചെയ്തുകഴിഞ്ഞാൽ ഫോണിന്റെ ഇടത് മുകൾഭാഗത്തായി റെക്കോർഡ് ഫീച്ചർ ഉണ്ടാകും. അത് സെലക്ട് ചെയ്‌താൽ ഉടൻ തന്നെ കോൾ റെക്കോർഡ് ചെയ്യുന്നുവെന്ന നോട്ടിഫിക്കേഷൻ വരും. ആ നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുന്നതോടെ സംഭാഷണം തനിയെ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യും.

Verified by MonsterInsights