കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 37,011 കിലോ മീറ്റർ ട്രാക്കുകൾ ഇന്ത്യൻ റെയിൽവേ വൈദ്യുതീകരിച്ചതായി റിപ്പോർട്ട്. 2014 വരെയുള്ള കാലയളവില്‍ അതായത് 67 വർഷം കൊണ്ട് ആകെ 24,413 കിലോമീറ്റര്‍ ട്രാക്കുകൾ മാത്രമാണ് വൈദ്യുതീകരിക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ അതിന് ശേഷം കഴിഞ്ഞ 9 വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽവേ ട്രാക്ക് വൈദ്യുതീകരണത്തിന്റെ വേഗത ഗണ്യമായി വർദ്ധിപ്പിച്ച് കേന്ദ്രം വലിയ നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ മൊത്തം 58,424 കിലോമീറ്റർ റെയിൽവേ ട്രാക്ക് വൈദ്യുതീകരിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ മൊത്തം റെയിൽവേ ട്രാക്കിന്റെ ഏകദേശം 90% വരുമെന്നും ഇന്ത്യൻ റെയിൽവേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആണ് വൈദ്യുതീകരിച്ച റൂട്ടിന്റെ 50 ശതമാനവും പൂർത്തിയാക്കിയതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 100 ശതമാനം റെയിൽവേ ട്രാക്ക് വൈദ്യുതീകരണം നടത്തിയിട്ടുണ്ട്. ട്രെയിൻ സർവ്വീസ് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
2030-ഓടെ, കാർബൺ പുറന്തള്ളൽ ഒഴിവാക്കി ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയിൽവേ ആയി മാറാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്. ട്രാക്ഷൻ, നോൺ-ട്രാക്ഷൻ ആവശ്യങ്ങൾക്കായി ഗ്രീൻ എനർജി ഉപയോഗപ്പെടുത്താനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. 2030-ഓടെ സീറോ കാർബൺ എമിഷൻ ആണ് കേന്ദ്രം ഇതിലൂടെ ലക്ഷപ്പെടുന്നത്.