കേരളത്തിൽ ആദ്യത്തെ വന്ദേ ഭാരത് യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യയിലെ ഏറ്റവും ഒക്യുപെൻസി നിരക്കുള്ള വന്ദേ ഭാരത് സർവ്വീസാണ് ഇപ്പോൾ കേരളത്തിലേത്.
അതിവേഗയാത്ര കേരളം എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന് തെളിവായി വന്ദേഭാരത് ട്രെയിനിൽ ഇപ്പോഴും തുടരുന്ന തിരക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2023 ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ വന്ദേ ഭാരത് സർവ്വീസ് കേരളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതെങ്കിലും 28നാണ് സർവ്വീസ് തുടങ്ങിയത്. ആദ്യദിവസം അനുഭവപ്പെട്ട തിരക്ക് പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ടാകുമോയെന്ന് പലരും സംശയിച്ചു.
ആ സംശയം വെറുതെയായിരുന്നു. വന്ദേ ഭാരത് കേരളത്തിൽ വൻ ഹിറ്റായി. അത് ഒക്യുപെൻസിയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന വന്ദേ ഭാരത് സർവ്വീസായി മാറി.രാജ്യത്തെ പലയിടങ്ങളിലും വന്ദേ ഭാരത് സർവ്വീസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം കൂടി നിലനിൽക്കുമ്പോഴാണ് കേരളത്തിൽ വന്ദേഭാരത് ഹിറ്റായത്. യാത്രക്കാർ ഏറെയുള്ള റൂട്ടിലെല്ലാം വന്ദേ ഭാരത് ഹിറ്റാകണമെന്നില്ല.
മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 50 ശതമാനത്തിൽ കീഴെയാണ്. ഈ അവസ്ഥ മൂലം പലയിടത്തും സര്‍വ്വീസുകൾ അവസാനിപ്പിച്ച സംഭവങ്ങളും ഉണ്ടായി.ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ അത് വാങ്ങാനുള്ള ക്രയശേഷി കൂടി ആവശ്യമാണ്. കേരളത്തില്‍ അതുണ്ട് എന്ന് തെളിയിക്കപ്പെട്ടു. മാത്രവുമല്ല കേരളം അതിവേഗ ട്രെയിനുകൾ ആഗ്രഹിക്കുന്നുണ്ട് എന്നതും തെളിയിക്കപ്പെട്ടു.ഇന്ത്യയിൽ ഒക്യുപെൻസി നിരക്ക് 200 ശതമാനത്തിനടുത്ത് നേടിയ, ഇപ്പോഴും ഇതേ നിരക്ക് തുടരുന്ന ട്രെയിനാണ് വന്ദേ ഭാരത്. 16 റേക്കുള്ള വണ്ടിയിൽ 1100-ഓളം സീറ്റുണ്ട്. എല്ലാം എല്ലാദിവസവും നിറഞ്ഞോടുന്നു. രാജ്യത്തെ 51 വന്ദേഭാരതുകളിൽ അപൂർവ്വമായ കാഴ്ചയാണിത്.അതെസമയം വന്ദേ ഭാരത് വന്നതോടെ സാധാരണ ട്രെയിനുകളുടെ കാര്യം കഷ്ടമായെന്നും പറയേണ്ടതുണ്ട്. തുടക്കത്തിൽ നിരവധി ട്രെയിനുകൾ പിടിച്ചിട്ട സംഭവങ്ങൾ പരാതിക്കിടയാക്കി. ദീർഘനേരം വന്ദേ ഭാരത് കടന്നുപോകാനായി സാധാരണക്കാർ പിടിച്ചിടപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് ഈ പ്രശ്നം പരിഹരിക്കാൻ സമയക്രമങ്ങളിൽ മാറ്റം വരുത്തി. എങ്കിലും ഇപ്പോഴും ചില ട്രെയിനുകൾ വന്ദേഭാരതിനു കടന്നുപോകാനായി പിടിച്ചിടേണ്ടി വരുന്നുണ്ട്.