കൊച്ചിക്കാര്‍ക്ക് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം; ക്രിസ്മസ് സമ്മാനവുമായി കൊച്ചി മെട്രോ.

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി മാറിയ കൊച്ചി മെട്രോ മറ്റൊരു വിപ്ലവകരമായ മാറ്റത്തിന് കൂടി ഒരുങ്ങിക്കഴിഞ്ഞു. നഗരവാസികള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുന്ന പദ്ധതി ക്രിസ്മസ് – പുതുവത്സര സീസണില്‍ തന്നെ ആരംഭിക്കാനാണ് കെഎംആര്‍എല്‍ അധികൃതരുടെ നീക്കം. മെട്രോ റെയിലിന്റെ ഭാഗമായുള്ള ഫീഡര്‍ ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫീഡര്‍ ബസുകളുടെ സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കെഎംആര്‍എല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 15 ഫീഡര്‍ ബസുകളാണ് സര്‍വീസിന് തയാറായിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരമാണ് കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍ വാങ്ങിയത്. കൊച്ചി മെട്രോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ടുന്ന താരതമ്യേന ഗതാഗതം കുറവുളള പ്രദേശങ്ങളിലാണ് പ്രധാനമായും ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുക.

 കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും മെട്രോ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഫീഡര്‍ ബസ് സര്‍വീസ് കൊണ്ടുള്ള ഗുണം. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കൊച്ചിയിലത്തി നഗരത്തില്‍ നിന്ന് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടവരേയും ഫീഡര്‍ സര്‍വീസുകള്‍ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. മികച്ച സൗകര്യങ്ങളുളള 32 സീറ്റുകളുള്ള വോള്‍വോ-ഐഷര്‍ ഇലക്ട്രിക്ക് ബസുകളാണ് ഫീഡര്‍ സേവനത്തിനായി വിനിയോഗിക്കുന്നത്.

പരിഗണിക്കുന്നത് ആറ് റൂട്ടുകള്‍

ആലുവ – കൊച്ചി വിമാനത്താവളം

ചിറ്റേട്ടുകര – ഇന്‍ഫോപാര്‍ക്ക്

കളമശ്ശേരി മുതല്‍ മെഡിക്കല്‍ കോളേജ് പ്രദേശത്തേക്കുമുളള റൂട്ടുകള്‍ അന്തിമ പരിഗണനയിലെത്തിയിട്ടുണ്ട്.

വൈറ്റില-ഇടപ്പള്ളി

കലൂര്‍-എളമക്കര

തൃപ്പൂണിത്തുറ-മുളന്തുരുത്തി.

Verified by MonsterInsights