സൈക്കിൾ മെല്ലെമെല്ലെ കൊച്ചിയുടെ ഇഷ്ട വാഹനമാവുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മെട്രോയുമായി ചേർന്ന് ‘ മൈ ബൈക് ’ ആണു കൊച്ചിയിൽ സൈക്കിൾ സംസ്കാരം പുനരുജ്ജീവിപ്പിച്ചത്. 950 സൈക്കിളുകൾ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലൊഴികെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈക്കിൾ ഉണ്ട്. ഇതിനു പുറമേ വാട്ടർ മെട്രോയുടെ കാക്കനാട്, ഹൈക്കോടതി, വൈപ്പിൻ ടെർമിനലുകൾ, ഫോർട്ട്കൊച്ചി, കുസാറ്റ്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലും സൈക്കിൾ കിട്ടും. ഓഫിസ് യാത്രകൾക്കാണു കൊച്ചിയിലെ സൈക്കിൾ കൂടുതലോടുന്നത്. സൈക്കിളുപയോഗിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കുറവല്ല. വ്യായാമത്തിനു സൈക്കിൾ എടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ , മെട്രോ സ്റ്റേഷനുകളിലെ സൈക്കിൾ ഉപയോഗിക്കുന്നവരിൽ അധികവും മുതിർന്ന പൗരൻമാരായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.
വർധിച്ച ആവശ്യം കണക്കിലെടുത്ത് സൈക്കിളുകളുടെ എണ്ണം കൂട്ടാനൊരുങ്ങുകയാണ് മൈ ബൈക്. mybyk മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സൈക്കിളെടുക്കാം. ലോഗിൻ ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യണം. സൈക്കിൾ നമ്പർ സെലക്ട് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് യാത്ര തുടങ്ങാം. യാത്ര അവസാനിക്കുമ്പോൾ സൈക്കിൾ റാക്കിൽ വച്ച് എൻഡ് ഓപ്ഷൻ നൽകുക. 20 രൂപ കൊടുത്താൽ 10 മണിക്കൂർ സൈക്കിൾ ഉപയോഗിക്കാം. 500 രൂപ ഡിപ്പോസിറ്റ്: യാത്ര അവസാനിപ്പിച്ചാൽ ഇൗ പണം തിരിച്ചെടുക്കാം. 24 മണിക്കൂറിന് 69 രൂപ, 3 ദിവസത്തേക്ക് 149 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളുണ്ട്. ഡിപ്പോസിറ്റ് 100 രൂപ. ഒരാഴ്ച മുതൽ 3 മാസം വരെയുള്ള പ്ലാനുകളും ഉണ്ട്. 3 ദിവസത്തിലേറെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്ലാൻ കാലാവധി തീരും വരെ സൈക്കിൾ കൈവശം വയ്ക്കാം. തകരാറുണ്ടെങ്കിൽ ആപ്പിൽ അറിയിച്ചാൽ പകരം സൈക്കിൾ തരും. 950 സൈക്കിളിൽ 650 എണ്ണം ഇങ്ങനെ സ്ഥിരം യാത്രക്കാരുടെ കസ്റ്റഡിയിലാണ്.